നന്ദി കിട്ടാത്ത പണി; പാര്‍ട്ടി അന്വേഷണത്തിനെതിരെ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി. സുധാകരന്‍

 നന്ദി കിട്ടാത്ത പണി; പാര്‍ട്ടി അന്വേഷണത്തിനെതിരെ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി. സുധാകരന്‍

ആലപ്പുഴ: തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി മുന്‍ മന്ത്രി ജി.സുധാകരന്‍. ഒരു ആഴ്ചപ്പതിപ്പിലെഴുതിയ നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ മറുപടി. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിലൂടെ വ്യക്തമാക്കി.

'കവിത എന്റെ ഹൃദയാന്തരങ്ങളില്‍ മുളകള്‍ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാര്‍ത്തിയില്ലവഗണനയില്‍ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയില്‍ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.

'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതര്‍ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!' സുധാകരന്‍ കുറിച്ചു.

തന്റെ കഴിഞ്ഞ കാല ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇനിയൊരു ജന്മമുണ്ടാകുമോ എന്നറിയില്ലെന്നും കഴിവതൊക്കെയും ചെയ്തെന്നും കവിതയില്‍ വ്യക്തമാക്കുന്നുണ്ട്. ആകാംക്ഷാഭരിതരായ നവാഗതര്‍ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വീഴ്ച വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജി.സുധാകരനെതിരെ സിപിഐഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയത്. വീഴ്ച പരിശോധിക്കാന്‍ രണ്ടംഗ കമ്മിഷനെയും പാര്‍ട്ടി നിയോഗിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.