നോട്ടിങ്ങാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. മഴ മൂലം അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ ഒരു വിക്കറ്റിന് 52 റൺസ് എന്ന നിലയിൽ എത്തിയപ്പോഴാണ് വില്ലനായി മഴ എത്തിയത് .
26 റൺസെടുത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിപ്പിക്കുമ്പോൾ ക്രീസിൽ രോഹിത് ശർമയും ചേതേശ്വർ പൂജാരയുമായിരുന്നു. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതൽ ലോർഡ്സിൽ നടക്കും. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
നേരത്തെ രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസിന് എല്ലാവരും പുറത്തായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിനെ കര കയറ്റിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ റൂട്ട് അർധ സെഞ്ചുറി നേടിയിരുന്നു. ജോണി ബെയർസ്റ്റോ 30ഉം സാം കറൻ 32ഉം റൺസ് കണ്ടെത്തി.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറയുടെ പേരിൽ ഒമ്പത് വിക്കറ്റായി. മുഹമ്മദ് സിറാജും ശർദ്ദുൽ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 183 റൺസിനെതിരേ ഇന്ത്യ 278 റൺസ് അടിച്ചിരുന്നു. കെഎൽ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനിൽപ്പാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
രാഹുൽ 214 പന്തിൽ 12 ഫോറിന്റെ സഹായത്തോടെ 84 റൺസെടുത്തപ്പോൾ ജഡേജ 86 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 56 റൺസ് നേടി. ഇംഗ്ലണ്ടിനായി പേസ് ബൗളർ ഒലി റോബിൻസൺ 26.5 ഓവറിൽ 85 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിൻസൺന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.