ശ്രീജേഷിന് കേരളം എന്ത് നല്‍കി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ശ്രീജേഷിന് കേരളം എന്ത് നല്‍കി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗം പി.ആര്‍ ശ്രീജേഷിന് കേരളം അര്‍ഹിക്കുന്ന പുരസ്‌കാരം പ്രഖ്യാപിച്ചില്ലെന്ന് ആക്ഷേപം. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധം ശക്തമാകുന്നത്. എന്നാല്‍ പ്രതിഷേധം ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഏറ്റെടുത്തതോടെ ഇതിന് രാഷ്ട്രീയമാനവും കൈവന്നിരിക്കുകയാണ്.

കൂടാതെ ചരിത്രനേട്ടവുമായെത്തുന്ന ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും അഭിപ്രായപ്പെട്ടു. പി.ആര്‍ ശ്രീജേഷിന്റ കൂടി മികവിലാണ് 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയത്. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
രാജ്യവ്യാപകമായി ശ്രീജേഷിന്റെ പ്രകടനത്തിന് കയ്യടികള്‍ ഉയരുമ്പോഴാണ്, സമ്മാനം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകുന്നത് എന്നതാണ് പ്രധാന ആക്ഷേപം. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്. അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സര്‍ക്കാര്‍ ഹോക്കി ടീമംഗങ്ങള്‍ക്കും ഒരു കോടി രൂപ പ്രഖ്യാപിച്ചു.


മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കലം നേടിയ പുരുഷ ടീമിലെ മധ്യപ്രദേശ് താരങ്ങള്‍ക്ക് ഓരോ കോടി രൂപയും നാലാം സ്ഥാനത്തെത്തിയ വനിതാ ടീമിലെ താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. ഇതെല്ലാം എടുത്തു പറഞ്ഞാണ് കേരള സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാകുന്നത്. ശ്രീജേഷിന് മാത്രമല്ല ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്കെല്ലാം അര്‍ഹമായ അംഗീകാരം ഉടന്‍ നല്‍കണമെന്ന് പത്മിനി തോമസും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി സ്വര്‍ണ മെഡല്‍ ജേതാവിന് ഒരു കോടി രൂപയും വെള്ളി മെഡല്‍ ജേതാവിന് 50 ലക്ഷം രൂപയും വെങ്കലം നേടുന്നവര്‍ 25 ലക്ഷവും ഹോക്കി ടീമിന് ഒന്നേകാല്‍ കോടി രൂപയും പ്രഖ്യാപിച്ചു. മെഡല്‍ നേടിയ മീരബായ് ചാനുവിന് മണിപ്പൂര്‍ പൊലീസില്‍ എഎസ്പിയായി ഉടന്‍ നിയമനം നല്‍കി. ചാനുവിന്റെ പിറന്നാളാഘോഷത്തിന് മണിപ്പുര്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പങ്കെടുത്തതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.