അടല്‍ തുരങ്കനിര്‍മാണത്തിന് നേതൃത്വം നൽകിയ കെ.പി പുരുഷോത്തമന് ഇനി കിഫ്ബിയുടെ ചുമതല

അടല്‍ തുരങ്കനിര്‍മാണത്തിന് നേതൃത്വം നൽകിയ കെ.പി പുരുഷോത്തമന് ഇനി  കിഫ്ബിയുടെ ചുമതല

തിരുവനന്തപുരം: മലയാളി കെ.പി പുരുഷോത്തമന്റെ സേവനം ഇനി കിഫ്ബിയിൽ.ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ.) മുൻ അഡീഷണൽ ഡയറക്ടർ ജനറലായ അദ്ദേഹം കിഫ്ബിയുടെ പദ്ധതി അവലോകനത്തിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 

ബി.ആർ.ഒ മുൻ അഡീഷണൽ ഡയറക്ടർ ജനറലായ അദ്ദേഹം ഹൈവേ തുരങ്കങ്ങളിൽ ലോകവിസ്മയമായ ലേ-മണാലി ദേശീയപാതയിലെ അടൽതുരങ്കം യാഥാർഥ്യമാക്കി. കണ്ണൂർ ഏച്ചൂർ സ്വദേശിയാണ്.

പതിനായിരം അടിക്കുമുകളിലുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ തുരങ്കമാണ് റോഹ്താങ് പാസിലെ അടൽതുരങ്കം. ഇതിന്റെ നിർമാണത്തിനു നേതൃത്വംവഹിച്ചത് കെ.പി. പുരുഷോത്തമനാണ്. പത്തുവർഷമെടുത്താണ് 9.02 കിലോമീറ്ററുള്ള തുരങ്കം പൂർത്തിയാക്കിയത്.

പദ്ധതികളുടെ മൂല്യനിർണയത്തിലും നിർവഹണത്തിലും കിഫ്ബി മാനേജ്മെന്റിനെ സഹായിക്കാനാണ് ഈ മേഖലയിൽ 41 വർഷത്തെ പരിചയസമ്പത്തുള്ള പുരുഷോത്തമനെ നിയമിച്ചത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അവലോകന വിഭാഗത്തെ ശക്തിപ്പെടുത്താനാണ് ഈ നിയമനമെന്ന് കിഫ്ബി പത്രക്കുറിപ്പിൽ അറിയിച്ചു.

64,000 കോടിയുടെ 918 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. പദ്ധതികൾ അവലോകനംചെയ്ത് അംഗീകരിക്കേണ്ട വിഭാഗത്തിന്റെ നേതൃത്വം ഇനി പുരുഷോത്തമനായിരിക്കും. റോഡ്, പാലം, തുരങ്കം എന്നിവയുടെ നിർമാണമേഖലയിൽമാത്രം 33 വർഷത്തെ പ്രവൃത്തിപരിചയമുണ്ട് അദ്ദേഹത്തിന്. അയ്യായിരം കിലോമീറ്ററിലേറെ റോഡുകളുടെ നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

വിശിഷ്ടസേവനത്തിലുള്ള രാഷ്ട്രപതിയുടെ പരം വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നിവ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.