കാഹളം മുഴക്കിയും പുഷ് അപ്പ് എടുത്തും ആരാധകര്‍; ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായ താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പ്

കാഹളം മുഴക്കിയും പുഷ് അപ്പ് എടുത്തും ആരാധകര്‍; ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായ താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പ്

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്ക് രാജകീയ വരവേല്‍പ്പ്. ഇന്നലെ പലസംഘങ്ങളായി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ താരങ്ങളെ കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന ആഹ്‌ളാദ പ്രകടനവുമായാണ് ആരാധകര്‍ വരവേറ്റത്. ഇന്ത്യന്‍ താരങ്ങളെല്ലാം എത്തിയശേഷം വൈകുന്നേരത്തോടെ അശോക ഹോട്ടലില്‍ മെഡലിസ്റ്റുകളെ ആദരിക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവിടെ കുടുംബാംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സായ് അധികൃതര്‍ക്കുമൊപ്പം കേക്കു മുറിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും താരങ്ങള്‍ സന്തോഷം പങ്കിട്ടു.

ഇന്നലെ രാവിലെ മുതല്‍ താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്തേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സി.ഐ.എസ്.എഫും നന്നേ കഷ്ടപ്പെട്ടു. നിരവധി മെഡല്‍ ജേതാക്കളുള്ള ഹരിയാനയില്‍ നിന്നായിരുന്നു വലിയ ജനക്കൂട്ടമെത്തിയത്. താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു കൂടുതലും. കാഹളം മുഴക്കിയും എയര്‍പോര്‍ട്ട് പരിസരത്ത് സംഘമായി പുഷ് അപ്പ് എടുത്തും അവര്‍ വിജയാഘോഷം പങ്കിട്ടു.

ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര പുറത്തെത്തിയപ്പോള്‍ ആഹ്‌ളാദാരവങ്ങള്‍ ഉച്ചസ്ഥായിയിലായി. ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയയും വെങ്കലം നേടിയ ബജ്റംഗ് പുനിയയും നീരജിനൊപ്പമുണ്ടായിരുന്നു. ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാനയില്‍ നിന്ന് എയര്‍പോര്‍ട്ടിലെത്തിയിരുന്നു.മെഡല്‍ ജേതാക്കളെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയായാണ് അശോക ഹോട്ടലിലേക്ക് ആനയിച്ചത്. വഴിനീളെ പുഷ്പങ്ങള്‍ വിതറിയും പടക്കങ്ങള്‍ പൊട്ടിച്ചും ആരാധര്‍ ആഘോഷിക്കുന്നുണ്ടായിരുന്നു.

പുരുഷന്മാരുടെ ഏഷ്യന്‍ റെക്കോഡ് സൃഷ്ടിച്ച 4x400 മീറ്റര്‍ റിലേയില്‍ മത്സരിച്ച മലയാളി താരങ്ങളായ മുഹമ്മദ് അനസും അമോജ് ജേക്കബും നോഹ നിര്‍മല്‍ ടോമും അത്ലറ്റിക്‌സ് ടീം ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായരും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ആദില്‍ സുമരിവാലയാണ് സംഘത്തെ നയിച്ചത്. ടോക്യോയില്‍ വെങ്കലം നേടി ചരിത്രമെഴുതിയ ഹോക്കി ടീം തൊട്ടുപിന്നാലെ എത്തി. നിര്‍ണായകമായ നിരവധി സേവുകള്‍കൊണ്ട് വിസ്മയം സൃഷ്ടിച്ച മലയാളി താരം ശ്രീജേഷിനെ വിമാനത്താവളത്തിലെത്തിയ പാര്‍ലമെന്റംഗം തേജസ്വി സൂര്യ ആശ്‌ളേഷിച്ചാണ് വരവേറ്റത്. ബോക്സിംഗില്‍ വെങ്കലം സ്വന്തമാക്കിയ ലവ്ലിനയും സംഘത്തിലുണ്ടായിരുന്നു. ഹോക്കി ടീമിന്റെ വരവ് വിമാനത്താവളത്തിന് പുറത്തെ അന്തരീക്ഷം വീണ്ടും ഉത്സവസമാനമാക്കി. വെയ്റ്റ്‌ലിഫ്റ്റിറ്റിംഗിലെ വെള്ളി ജേതാവ് മീരാബായ് ചാനുവും ബാഡ്മിന്റണില്‍ വെങ്കലം നേടിയ പി.വി സിന്ധുവും നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.