എന്ത് കൊണ്ട് നാദിർഷായുടെ സിനിമകളെ ക്രൈസ്തവ ലോകം സംശയത്തോടെ കാണുന്നു ?

എന്ത് കൊണ്ട് നാദിർഷായുടെ സിനിമകളെ ക്രൈസ്തവ ലോകം സംശയത്തോടെ കാണുന്നു ?

നാദിർഷായുടെ സിനിമകൾക്കെതിരെ ബിഷപ്പുമാർ ഉൾപ്പെടെ വിവിധ സംഘടനകളും വ്യക്തികളും പ്രതികരിക്കുന്നതിന്  എതിരെ ചാനൽ ചർച്ചകളിലെ പ്രമുഖ കത്തോലിക്കാ വിരുദ്ധ അവതാരകനായ വിനു വി ജോണിനെ പോലുള്ളവർ ചോദിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. പ്രതിഷേധിക്കുന്നവർ ചിത്രം കണ്ടോ ? ഉള്ളടക്കം അറിയാതെ എങ്ങനെയാണ് സിനിമയെ വിലയിരുത്തുന്നത്. തികച്ചും ന്യായമായ ചോദ്യം.

അല്പം ഫ്ലാഷ് ബാക്കിലേക്ക്
അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലേക്ക്.  പൃഥ്വിരാജ് , ജയസൂര്യ , ഇന്ദ്രജിത് , നമിത പ്രമോദ്  എന്നിവർ അഭിനയിക്കുന്ന നാദിർഷായുടെ ചിത്രത്തിൽ പൃഥ്വിരാജ് ഒരു മൊബൈലിൽ കളിച്ചു രസിക്കുന്ന, ചട്ടയും മുണ്ടും ഉടുത്ത് കൊന്തയും ധരിച്ച വല്യമ്മച്ചിയോട് ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്ന് പറയുമ്പോൾ , സെയിം ടു യു ബ്രോ എന്ന് പറഞ്ഞിട്ട് യോയോ സിംബലും കാണിക്കുന്നു . എല്ലാവരും ചിരിച്ചു അതിലെ നർമ്മം ഉൾക്കൊണ്ടുകൊണ്ട് ! പക്ഷെ ഒരു രണ്ടാം വായന നടത്തുമ്പോൾ , ചട്ടയും മുണ്ടും ധരിച്ച് ക്രൈസ്തവ ഭവനങ്ങളിൽ പ്രാർഥനയുടെ പ്രതീകമായി ഇതുവരെ കാണപ്പെടുന്ന വല്യമ്മമ്മാരെ വക്രീകരിച്ച് കാണിക്കുന്നു എന്ന് കാണാം. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്ന ക്രൈസ്തവ അഭിവാദ്യത്തെ തികച്ചും വികൃതമായി ചിത്രീകരിച്ച സംവിധായകൻ തന്റെ സ്വന്തം മതത്തിലെ അഭിവാദ്യത്തോട് ഇപ്രകാരം ചെയ്യാൻ തയ്യാറാകുമോ?

കട്ടപ്പനയിലെ റിതിക് റോഷനിലേക്ക് വരുമ്പോൾ അമർ അക്ബർ ആന്റണിയിൽ പ്രയോഗിച്ച് വിജയിച്ച കൂട്ടുകൾ അല്പം കൂടി ഭാവമാറ്റം വരുത്തി ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്നു. തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വം മുഖ്യ ഇതിവൃത്തമായി എടുത്തിരിക്കുന്ന മാർഗ്ഗം കളി ഇതിൽ കാണിക്കുന്നു എങ്കിലും മൈലാഞ്ചി ഇടുന്നതിന് കാരണമായി പറയുന്നത് ഹവ്വയുടെ പാപം മാറ്റുവാൻ ഈശോ കല്പിച്ച് തന്നതാണ് മൈലാഞ്ചി. കഥയിൽ ചോദ്യം പാടില്ല ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ലെ കുഴപ്പമില്ല. പക്ഷെ ക്രിസ്ത്യൻ പെൺകുട്ടികൾ എല്ലാം കള്ളുകുടിക്കുന്നവരാണ് എന്നഒരു ആശയം കൂടി വളരെ വിദഗ്‌ദമായി ഈ പാട്ടു സീനിൽ ഒളിച്ചു കടത്തുന്നു. വെള്ളം ചേർക്കാതെ എടുത്തു കുടിക്കുന്ന യുവതിയായ സ്ത്രീ കഥാപാത്രവും ഊർദ്ധൻ വലിച്ചു കിടക്കുന്ന ഒരു വല്യമ്മച്ചി വിദേശമദ്യം വെള്ളം ചേർക്കാതെ തൊണ്ടയിൽ ഇറ്റിച്ച് തരുവാൻ ആവശ്യപ്പെടുന്നതും ഒക്കെ കൂടി വായിക്കുമ്പോൾ സംവിധായകനായ നാദിർഷാ കേരളീയ സമൂഹത്തിന് ക്രൈസ്തവ സമുദായത്തെ ക്കുറിച്ചു നൽകുന്ന ഒരു കാഴ്ചപ്പാട് ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.


ചട്ടയും മുണ്ടും കുണുക്കും ധരിച്ച മറ്റൊരു വല്യമ്മച്ചി മോൾക്ക് നൽകുന്ന ഉപദേശവും അമ്മച്ചിയുടെ അപഥ സഞ്ചാരത്തെ കുറിച്ചുള്ള വിവരണവും കൂടിയാകുമ്പോൾ ക്രൈസ്തവ കുടുംബത്തെക്കുറിച്ച് ഏകദേശം നല്ലൊരു ചിത്രം സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ തമാശ കലർന്ന രീതിയിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ചിറകിൻ കീഴിലൂടെ കടത്തിവിട്ടു.

ഈ പശ്ചാത്തലത്തിലാണ് കേരള ജനത നാദിർഷാ എന്ന സംവിധായകന്റെ  ഈശോ , കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളെയും നോക്കികാണുന്നത്. തികഞ്ഞ മതവിശ്വാസി ആയ അദ്ദേഹം സ്വന്തം മതത്തിൻ മേൽ ഇപ്രകാരം ഉള്ള ആവിഷ്കാര സ്വാതന്ത്ര്യം പ്രയോഗിക്കാതെ ക്രൈസ്തവ മതത്തിൽമേൽ മാത്രം ഇത്തരം കടന്നു കയറ്റങ്ങൾ ചെയ്യുന്നതിനുപിന്നിലുള്ള ചേതോവികാരമാണ് ചോദ്യം ചെയ്യപ്പെടുന്നത് .
ഈശോ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ജയസൂര്യയെ ഈശോയെ പ്പോലെ അവതരിപ്പിക്കുന്നതിലും , ഈശോ എന്ന പേരിനോടൊപ്പം തോക്കിന്റെ ചിത്രം സന്നിവേശിപ്പിച്ചതിലും ഒക്കെ ദുരൂഹത ഇല്ല എന്ന വാദിക്കുന്നവർ കണ്ണടച്ചു ഇരുട്ടാക്കുന്ന ചില സത്യങ്ങൾ ഉണ്ട്. ക്രൈസ്തവ മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും കൂദാശകളെയും ഒക്കെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായിതന്നെ ആണ് ചാനൽ അവതാരകൻ വിനു വി ജോൺ ചാനൽ ചർച്ചയിൽ  ചോദിച്ചത്  “എന്ത് കൂദാശ? “ പ്രബുദ്ധ കേരള ജനത പ്രതികരിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.