ദുബായ്: യുഎഇയിലേതടക്കം ഗള്‍ഫിലെ വിവിധ കമ്പനികളുടെ പേരില്‍ വ്യാജന്മാർ വിലസുന്നു. ഇന്ത്യയടക്കമുളള സ്ഥലങ്ങളില്‍ നിന്ന് ജോലിക്കായി ശ്രമിക്കുന്നവരെയും, രാജ്യത്തുനിന്ന് ജോലി തേടുന്നവരേയും കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് ഓഫർ ലെറ്ററുകള്‍ വരുന്നത്. വ്യാജനാണെന്ന് തിരിച്ചറിയാതെ തട്ടിപ്പില്‍ പെട്ടുപോകുന്നവരാണ് നിരവധി.
വിസയ്ക്കും മറ്റുമായുളള ഫീസെന്ന രീതിയിലാണ് പലരുടേയും കൈയില്‍ നിന്ന് പണം വാങ്ങുന്നത്. ഓഫർ ലൈറ്റർ കിട്ടിയ ധൈര്യത്തില്‍ പലരും പണമടക്കുകയും വിലപ്പെട്ട രേഖകള്‍ പങ്കുവയ്ക്കുകയും ചെയ്യും. എന്നാല്‍ പിന്നീട് വിവരമൊന്നുമുണ്ടാവില്ല. ഇതോടെയാണ് പലർക്കും തട്ടിപ്പാണെന്ന് ബോധ്യപ്പെടുക.
ഇതിന് മുന്‍പും ഇത്തരത്തിലുളള തൊഴില്‍ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പലരും ജോലിയെന്നുളളത് മുന്‍നിർത്തി കൂടുതല്‍ അന്വേഷിക്കാതെ മുന്നോട്ട് പോവുകയും തട്ടിപ്പിന് ഇരയാവുകയുമാണ് പതിവ്. വാട്സ് അപ്പ് ഗ്രൂപ്പുകളാണ് ഇത്തരം വ്യാജന്മാരുടെ പ്രധാന കേന്ദ്രം. വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ വാട്സ് അപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കും. ഇത് വഴി നിരവധി പേർ ഇവരുടെ വലയില്‍ വീഴുകയും ചെയ്യും. അധികൃതരും മാധ്യമങ്ങളും നിരവധി തവണ വ്യാജ തൊഴില്‍ തട്ടിപ്പുകളെ കുറിച്ച് ജാഗ്രതപാലിക്കാന്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും തട്ടിപ്പില്‍ കുടുങ്ങുന്നത് ആവർത്തിക്കപ്പെടുകയാണെന്ന് അബുദബിയിലെ സാമൂഹ്യപ്രവർത്തകനായ അനൂപ് മാവിലായി പറയുന്നു. സ്വയം ജാഗ്രതപാലിക്കുകയെന്നുളളതാണ് ഏറ്റവും ഉചിതവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തൊഴില്‍ തട്ടിപ്പുകളെ കുറിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.കോവിഡ് കാലത്ത് നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് വ്യാജന്മാരും വിലസുന്നത്. രേഖകൾ പൂർണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്‍റെ മോഹന വാഗ്ദാനങ്ങളിൽ വീഴരുതെന്നാണ് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ പ്രവാസി ഭാരത സഹായ കേന്ദ്രം മുഖേന തൊഴിൽ വാഗ്ദാനം പരിശോധിക്കാനുളള അവസരവുമുണ്ട്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പി.ബി.എസ്.കെ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ കോണ്‍സുലേറ്റ് വിവരങ്ങള്‍ പരിശോധിച്ച് ഉദ്യോഗാർത്ഥികളെ വിവരം അറിയിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.