ഷിക്കാഗോ: നഗരത്തിലെ വെസ്റ്റ് എംഗല്‍വുഡ് മേഖലയില്‍ ഗതാഗത നിയന്ത്രണത്തിലേര്‍പ്പെട്ടിരുന്ന പോലീസിനു നേരെ വെടിയുതിര്‍ത്ത് വനിതാ ഓഫീസറെ കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് യുവ സഹോദരങ്ങള്‍ അറസ്റ്റിലായി. 21 കാരനായ ഇമോണ്ടെ മോര്‍ഗന്‍ ആണ് പ്രധാന പ്രതി. എറിക് മോര്‍ഗന്‍ കൂട്ടുപ്രതിയും. തോക്കിന്റെയും അവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെയും ഉടമയായ ജമല്‍ ഡാന്‍സി (29)യും പ്രതിയാകുമെന്ന് പോലീസ് അറിയിച്ചു.
കാലഹരണപ്പെട്ട വാഹന പ്ലേറ്റുകള്‍ കണ്ടെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് സ്റ്റോപ്പ് നടത്തിയപ്പോഴാണ്് എല്ല ഫ്രെഞ്ചിന്‍ (29) വെടിയേറ്റു മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിക്ക് 63 സ്ട്രീറ്റ് ബെല്‍ അവന്യൂ ഇന്റര്‍സെക്ഷനു സമീപമായിരുന്നു സംഭവം. പരിക്കേറ്റ് ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകവേ എല്ല അന്ത്യശ്വാസം വലിച്ചു. എല്ലയുടെ സഹപ്രവര്‍ത്തകനും പരിക്കുപറ്റി. അദ്ദേഹം ജീവനു വേണ്ടി പോരാടുകയാണെന്ന് പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു.
വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് നിയമവിരുദ്ധമായി വാങ്ങുകയും കുറ്റവാളിക്ക് നല്‍കുകയും ചെയ്തതിനാണ് ജമല്‍ ഡാന്‍സി എന്ന ഇന്‍ഡ്യാനക്കാരന്‍ മൂന്നാം പ്രതിയായി കുറ്റപത്രത്തില്‍ സ്ഥാനം നേടുന്നത്. വെടിയേറ്റ സമയത്ത് പ്രതികള്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഉടമയുമാണ് ഡാന്‍സി. പോലീസുകാരുടെ ബോഡിക്യാം വീഡിയോയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ എപ്പോള്‍ പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
അക്രമികള്‍ക്കു നേരെ എല്ല ഫ്രെഞ്ചിന്‍ തിരിച്ചു വെടിയുതിര്‍ത്തിരുന്നു. ഇമോണ്ടെ മോര്‍ഗന്‍ ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.ധീരയായ വനിതാ ഓഫീസര്‍ കൃത്യ നിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫൂട്ടും പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണും അഗാധ ദുഃഖം രേഖപ്പെടുത്തി. സാമുവല്‍ ജിമെനെസ് ആണ് ഷിക്കാഗോയില്‍ ഇതിനു മുമ്പ് അവസാനമായി വെടിവെയ്പില്‍ മരിച്ച പോലീസ് ഉദ്യാഗസ്ഥന്‍, 2018 നവംബറില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.