അഫ്ഗാനിലെ താലിബാന്‍ ഭീകരത രൂക്ഷം; ഇന്ത്യക്കാര്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

അഫ്ഗാനിലെ താലിബാന്‍ ഭീകരത രൂക്ഷം; ഇന്ത്യക്കാര്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്താനിലെ നാലാമത്തെ വലിയ നഗരമായ മസാര്‍-ഇ-ഷെരീഫില്‍ താലിബാന്റെ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്തര നിര്‍ദേശം.

ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം പൗരന്‍മാര്‍ രാജ്യം വിടണമെന്ന് മസാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. വിമാനത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയവ കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. നിര്‍ദേശത്തെത്തുടര്‍ന്ന് എത്രപേര്‍ അഫ്ഗാന്‍ വിട്ടുവെന്നത് വ്യക്തമായിട്ടില്ല.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 1500 ഇന്ത്യക്കാര്‍ അഫ്ഗാനിസ്താനില്‍ താമസിക്കുന്നുണ്ട്. പൗരന്‍മാരോട് അവര്‍ താമസിക്കുന്ന പ്രദേശത്തെ വിമാനത്താവളങ്ങളിലെ വാണിജ്യ വിമാനങ്ങളുടെ ലഭ്യതയെക്കുറിച്ച് അറിയിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് അവര്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ എംബസിയെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. നേരത്തേ, മസാര്‍-ഇ-ഷെരീഫ് നഗരത്തിനു നേരെ തിരിഞ്ഞതായും നഗരത്തിന്റെ നാല് വശങ്ങളില്‍ നിന്ന് ആക്രമണം ആരംഭിച്ചതായും താലിബാന്‍ വക്താവ് സമൂഹമാധ്യമം വഴി പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍-താലിബാന്‍ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് കഴിഞ്ഞമാസം ഇന്ത്യ ഏകദേശം 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.