മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍ കടത്തി; കസ്റ്റംസിന് സരിത്തിന്റെ നിര്‍ണായക മൊഴി

മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍  കടത്തി; കസ്റ്റംസിന് സരിത്തിന്റെ നിര്‍ണായക  മൊഴി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് മൊഴി നല്‍കി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത്. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് സരിത്തിന്റെ മൊഴിയിലുളളത്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഡോളര്‍ കടത്തു കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി പറയുന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം. സെക്രട്ടറേയറ്റില്‍ പോയി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പാക്കറ്റ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാന്‍ കൗതുകം തോന്നി. കോണ്‍സുലേറ്റില്‍ സ്‌കാനറില്‍ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളില്‍ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്റെ മൊഴി.

ഇക്കാര്യം അപ്പോള്‍ തന്നെ താന്‍ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ ഫ്‌ളാറ്റില്‍പോയി പണമടങ്ങിയ ബാഗ് കൈപ്പറ്റിയതായും സരിത്തിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സമാനമായ രീതിയില്‍ സ്വപ്ന നല്‍കിയ മൊഴിയും നേരത്തെ പുറത്തു വന്നിരുന്നു.


2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്‌സ് റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.