കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനവുമായി ലത്തീന്‍ സഭയും

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനവുമായി ലത്തീന്‍ സഭയും

തിരുവനന്തപുരം: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വിവിധ സഭാ വിഭാഗങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന്റെ വഴിയേ ലത്തീന്‍ സഭയും. അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതല്‍ ബിഷപ്പുമാര്‍ നേരിട്ട് മാമോദീസാ ചടങ്ങ് നടത്തുമെന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ പ്രഖ്യാപനം. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യമോ സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസോ പ്രാരംഭ കൂദാശ നല്‍കുമെന്നും സഭ അറിയിച്ചു. ഇതിന് തുടക്കമായി ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയില്‍ ബിഷപ്പ് ഡോ. ആര്‍ ക്രിസ്തുദാസ് തെരഞ്ഞെടുത്ത, കൂടുതല്‍ കുഞ്ഞുങ്ങളുള്ള വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് മാമോദീസ നടത്തുമെന്നും അതിരൂപത വ്യക്തമാക്കി.

നേരത്തെ 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. കുടുംബത്തില്‍ നാലാമതായും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതടക്കമായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.

നാലാമത്തെ കുട്ടിയുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമാണ് പാലാ രൂപത പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു. സിറോ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.