ദുബായ്: കണ്ടവർ കണ്ടവർ മൂക്കത്ത് വിരല്‍ വച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളില്‍ പുഞ്ചിരിച്ചുകൊണ്ട് എമിറേറ്റ്സ് വിമാനകമ്പനിയുടെ കാബിന്‍ ക്രൂ യൂണിഫോം ധരിച്ച വനിത. ലോകത്തിന്‍റെ നെറുകിലേക്ക് എമിറേറ്റ്സിലൂടെ പറക്കൂവെന്ന സന്ദേശത്തിലാണ് വിമാനകമ്പനിയുടെ പുതിയ പരസ്യചിത്രമൊരുങ്ങിയത്.
30 സെക്കന്‍റ് ദൈർഘ്യത്തിലൊരുങ്ങിയ പരസ്യചിത്രം ഇതിനകം നിരവധി പേരാണ് കണ്ടത്. അതീവ സുരക്ഷയോടെ ചിത്രീകരിച്ച പരസ്യത്തില്‍ എമിറേറ്റ്സ് ജീവനക്കാരിയായി വേഷമിടുന്നത് പ്രൊഫഷണല്‍ സ്‌കൈ ഡൈവിംഗ് പരിശീലകയായ നിക്കോള്‍ സ്മിത്ത് ലുഡ്വികാണ്. പരസ്യചിത്രം യഥാർത്ഥത്തില്‍ ചിത്രീകരിച്ചതാണോയെന്ന സംശയമുളളവർക്കായി മെയ്ക്കിംഗ് വീഡിയോയും പിന്നീട് എമിറേറ്റ്സ് പുറത്തുവിട്ടു. ബുർജ് ഖലീഫയുടെ ഉയരത്തിന്‍റെ സൗന്ദര്യം പൂർണമായും ചിത്രീകരിക്കുന്ന വീഡിയോ പിന്നിടുന്ന ആകാശ പാത, ദുബായുടെ മനോഹാരിതയും ഒപ്പിയെടുക്കുന്നു. പച്ച സ്‌ക്രീനോ പ്രത്യേക ഇഫക്റ്റുകളോ ഇല്ലാതെയാണ് പരസ്യം ചിത്രീകരിച്ചതെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു.
പരസ്യത്തിന്‍റെ ഷൂട്ടിംഗ് ഏകദേശം അഞ്ച് മണിക്കൂര്‍ എടുത്തു. ഇതിനുപുറമെ, ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിപറ്റാന്‍ ഒരു മണിക്കൂര്‍ 15 മിനിറ്റ് സമയവുമെടുത്തുവെന്നും എമിറേറ്റ്സ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.