അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റത്തില്‍ പുനഃപരിശോധന ഉണ്ടാവില്ല: ജോ ബൈഡന്‍

അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റത്തില്‍ പുനഃപരിശോധന ഉണ്ടാവില്ല: ജോ ബൈഡന്‍

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി താലിബാന്‍ വിമതര്‍ പിടിച്ചെടുത്തുകൊണ്ടിരിക്കേ മാതൃരാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ തന്നെ ആവശ്യമായതു ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു. എസ് സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്‍വലിച്ചത് ശരിയായ നടപടിയാണെന്നും അക്കാര്യത്തില്‍ വീണ്ടുവിചാരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം അമേരിക്ക തുടരും.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് ഡോളര്‍ ആണ് അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചതെന്ന്് വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ പറഞ്ഞു. ആയിരക്കണക്കിന് യുഎസ് സൈനികരുടെ അമൂല്യ ജീവനും നഷ്ടമായി. അതിനാല്‍ അഫ്ഗാനില്‍ ഇനി സൈനിക നീക്കത്തിന് അമേരിക്ക സന്നദ്ധമല്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ താലിബാന്‍ ആക്രമണം ചെറുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെയാണ് അഫ്ഗാനിസ്താന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് കടന്നുകയറി താലിബാന്‍ നിയന്ത്രണം ശക്തിപ്പെടുത്തുകയാണ്. രാജ്യത്തിന്റെ 65 ശതമാനം ഭാഗത്തിന്റെയും ആധിപത്യം താലിബാന്‍ വിമതര്‍ ഏറ്റെടുത്തിട്ടുള്ളതായാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്റെ തലസ്ഥാനമായ പുല്‍-ഇ-കുമ്രി താലിബാന്‍ കീഴടക്കി. ഇവിടെയുണ്ടായിരുന്ന അഫ്ഗാന്‍ സുരക്ഷാ സൈന്യം ഒരു വലിയ സൈനിക താവളമായ കേളഗി മരുഭൂമിയിലേക്ക് പിന്‍വാങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ വരുന്ന ഏഴാമത്തെ പ്രാദേശിക തലസ്ഥാനമായി പുള്‍-ഇ-കുമ്രി.

താലിബാന്റെ ആധിപത്യത്തിലായിക്കൊണ്ടിരിക്കുന്ന അഫ്ഗാന്‍ മേഖലകള്‍ തികഞ്ഞ അരാജകത്വത്തിലേക്കാണു വഴുതി വീണിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളും പിടിച്ചെടുക്കുന്നതിനിടെ താലിബാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തെ വേദനിപ്പിക്കുന്നു.താലിബാന്‍ ഭീകരര്‍ ഏറ്റെടുത്ത പട്ടണങ്ങളില്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടി. കൂടുതല്‍ മേഖലകളിലേക്ക്് താലിബാന്‍ ആധിപത്യം വളരുമ്പോള്‍ അഫ്ഗാന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായി മാറുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയിലേക്കു നേരത്തെ പലായനം ചെയ്തു പോന്ന നൂറു കണക്കിന് അഫ്ഗാനി കുടുംബങ്ങള്‍, മനുഷ്യത്വത്തെ നോക്കുകുത്തിയാക്കിയ നരാധമന്മാര്‍ തങ്ങളുടെ ജന്മ നാട്ടില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെക്കുറിച്ചുള്ള വാര്‍ത്തകളറിഞ്ഞ് വിറ കൊള്ളുകയാണ്. ചെറിയ തോതിലുള്ള അഫ്ഗാന്‍ ഭക്ഷ്യ ശാലകള്‍ നടത്തിയും ഇതര വേലകള്‍ ചെയ്തും ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ ജീവിക്കുന്നവരാണവര്‍. നിരവധി അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഡല്‍ഹി മേഖലയിലെ വിവിധ പ്രദേശങ്ങളിലുണ്ട്. റെസ്റ്റോറന്റുകളും ബേക്കറികളും മിഠായിക്കടകളും നടത്തുന്നവര്‍ ഏറെ. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ ഖിര്‍ക്കി മസ്ജിദിനു സമീപം താവളമടിച്ചിട്ടുള്ളത്.

ബമ്യാന്‍ പ്രവിശ്യയിലെ സെന്‍ട്രല്‍ ഹൈലാന്‍ഡ്സിലെ സൈഗന്‍ എന്ന വിദൂര ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അവിടെ താലിബാന്‍ ഭീകരര്‍ ഏറെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി.അഫ്ഗാന്‍ യുവതികളെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതായുള്ള റിപ്പോര്‍ട്ട് പലയിടത്തുനിന്നുമുണ്ട്. തഖര്‍, ബാദാക്ഷന്‍ എന്നീ രണ്ട് വടക്കന്‍ അഫ്ഗാന്‍ പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാന്‍ ഭീകരര്‍ ഇത്തരത്തില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ബമ്യാന്‍ പ്രവിശ്യയിലും സമാനമായ ശ്രമം നടന്നിരുന്നു. എന്നാല്‍ അവിടെ ഭീകര സംഘത്തെ നാല് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ സുരക്ഷാ സേന തുരത്തി. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഒമര്‍ സാദറിന്റെ അഭിപ്രായത്തില്‍ താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയാണ്. ചെറുത്തുനില്‍ക്കുന്ന പുരുഷന്മാരെ ഭീകരര്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു.

നൂറുകണക്കിന് യുവതികളെയാണ് ഇത്തരത്തില്‍ താലിബാന്‍ ഭീകരര്‍ അടിമകളാക്കിയതെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥരും പറയുന്നു . താലിബാന്റെ മുന്നേറ്റത്തെ ഭയക്കുന്ന കുടുംബങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത പ്രദേശങ്ങളിലേക്ക് അയയ്ക്കുകയാണിപ്പോള്‍. തദ്ദേശവാസികളുടെ അഭിപ്രായത്തില്‍, താലിബാന്‍ ഭീകരര്‍ അവര്‍ പറയുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരുകളും പ്രായവും അറിയിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അവരെ കടത്തി കൊണ്ട് പോയി വിവാഹം കഴിക്കും.ഒരു പുതിയ പട്ടണമോ ജില്ലയോ പിടിച്ചെടുക്കുമ്പോഴെല്ലാം, പ്രദേശത്തെ മസ്ജിദ് വഴി എല്ലാ പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥന്മാരുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും ഭാര്യമാരുടെയും വിധവകളുടെയും പേരുകള്‍ കൈമാറാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ട്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.