ഇന്ന് അത്തം: ആരവങ്ങളും ആര്‍പ്പു വിളികളും ഇല്ലാതെ മലയാളികള്‍ ഓണത്തിരക്കിലേക്ക്

ഇന്ന് അത്തം: ആരവങ്ങളും ആര്‍പ്പു വിളികളും ഇല്ലാതെ മലയാളികള്‍ ഓണത്തിരക്കിലേക്ക്

തിരുവനന്തപുരം: മലയാളിയുടെ ഓണക്കാലം ഇന്ന് തുടക്കം. ഇന്നേക്ക് പത്താം നാള്‍ പൊന്നോണം. പൂക്കളമിടലിനും ഇന്നു തുടക്കമാകും. ഇന്ന് അല്‍പനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതല്‍ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാല്‍ ഇന്നും നാളെയും അത്തമാണെന്ന് പറയാം. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം പിറക്കൂ.

ആളും ആരവവുമില്ലാതെ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കോവിഡ് കാലമായതിനാല്‍ ആഘോഷം ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങും. പ്രളയവും കോവിഡും തീര്‍ത്ത കെടുതികള്‍ക്കിടെ കഴിഞ്ഞ നാലുവര്‍ഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല. കോവിഡ് കാലത്തിനു മുമ്പുവരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു . ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികള്‍. കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേല്‍ക്കുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങള്‍ തന്നെ തുടങ്ങുന്നത്. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനാണ്. അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ നിര്‍മല തമ്പുരാട്ടിയില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്.

ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കോവിഡ് കാലമായതിനാല്‍ കഥംകളി, ഓട്ടം തുളളല്‍ അടക്കമുളള മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തും. പണ്ടുകാലത്ത് കൊച്ചി രാജാക്കന്‍മാര്‍ പ്രജകളെ കാണാന്‍ അത്തം നാളില്‍ നടത്തിയിരുന്ന ഘോഷയാത്രയാണ് പിന്നീട് തൃപ്പൂണിത്തുറ അത്തച്ചമയമായി മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.