ഡാളസ്: ഡാളസ് കൗണ്ടിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉള്‍പ്പെടെ മാസ്‌ക് നിര്‍ബന്ധിതമാക്കാന്‍ വഴി തെളിക്കുന്ന കൗണ്ടി ജഡ്ജി ക്ലേ ജെങ്കിന്‍സിന്റെ ഉത്തരവിനെതിരെ ടെക്‌സസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ടും ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണും സംയുക്തമായി അപ്പീല്‍ കോടതിയെ സമീപിച്ചു.കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ഡെമോക്രാറ്റ് - റിപ്പബ്ലിക്കന്‍ ആശയ ഭിന്നതയ്ക്കു പിന്നാലെയാണ് ഗവര്‍ണറും കോടതിയുമായുള്ള ഏറ്റുമുട്ടലെന്ന് നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മാസ്‌ക് ആവശ്യമില്ലെന്ന അബോട്ടിന്റെ ഉത്തരവിനെതിരെ ജെങ്കിന്‍സ് പുറപ്പെടുവിച്ച താല്‍ക്കാലിക ഉത്തരവ് ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് ഉത്തരവിനെയും സംസ്ഥാന നിയമത്തെയും ലംഘിക്കുന്നുവെന്നാണ് അപ്പീല്‍ കോടതിക്കു മുമ്പാകെയുള്ള വാദം.'മുന്നോട്ടുള്ള വഴി വ്യക്തിപരമായ ഉത്തരവാദിത്തത്തെ ആശ്രയിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഉത്തരവുകളല്ല ആവശ്യം. എല്ലാ ടെക്‌സസ് പൗരന്മാരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിന് സ്റ്റേറ്റ് ശക്തമായി പോരാടുന്നത് തുടരും.'- ഗവര്‍ണറുടെ ഒഫിസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.
ഡാളസ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിലെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി സൂപ്രണ്ട് മൈക്കിള്‍ ഫിറോസെ ഉത്തരവിട്ടതിനു പിന്നാലെയാണ് കോടതിയും ഗവര്‍ണറുമായുള്ള നിയമ യുദ്ധത്തിനും കളമൊരുങ്ങിയത്. നോര്‍ത്ത് ടെക്സസിലെ ഏറ്റവും വലുതും ടെക്സസിലെ രണ്ടാമത്തേയും വലിയ സ്‌കൂളാണ് ഡാളസ് ഐ എസ് ഡി. ഈ മാസാവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങളുടെ ഗൗരവം വര്‍ധിക്കുമെന്നും യു ടി സൗത്ത് വെസ്റ്റേണിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഐ എസ് ഡിയുടെ തീരുമാനം ജില്ലാ കൗണ്ടി ജഡ്ജി ജെങ്കിന്‍സ്്സ്വാഗതം ചെയ്തു.
അതേസമയം, കോവിഡ് ബാധ പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ നയിക്കാനുള്ള അധികാരം ടെക്‌സസ് ഡിസാസ്റ്റര്‍ ആക്ട് പ്രകാരം ഗവര്‍ണര്‍ക്കാണെന്ന് ഗവര്‍ണറുടെ ഒാഫിസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അബോട്ടിന്റെ നിര്‍ദ്ദേശം അനുസരിക്കാത്ത സ്‌കൂള്‍ ജില്ല, പൊതു സര്‍വകലാശാല, പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. തന്റെ ഉത്തരവ് ലംഘിച്ച് പുതിയ മാസ്‌ക് ഉത്തരവുകള്‍ നടപ്പിലാക്കുന്ന പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക പിഴ ചുമത്തുമെന്ന് ഗവര്‍ണര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
'ആക്ടിവിസ്റ്റ് കഥാപാത്രങ്ങളെ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായല്ല.'- അറ്റോര്‍ണി ജനറല്‍ പാക്സ്റ്റണ്‍ പറഞ്ഞു. 'ശ്രദ്ധ പിടിച്ചുപറ്റുന്ന ജഡ്ജിമാരും മേയര്‍മാരും മുമ്പ് എക്‌സിക്യൂട്ടീവ് ഉത്തരവുകളെ ധിക്കരിച്ചു.ഏത് വ്യവഹാരത്തിന്റെയും ഫലങ്ങള്‍ സ്വാതന്ത്ര്യത്തോടും വ്യക്തിഗത തിരഞ്ഞെടുപ്പിനോടും ചേര്‍ന്നുനില്‍ക്കണം.അതിരുകള്‍ മാനിച്ചു തന്നെയുള്ളതാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍'-അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
ഡാളസ് കൗണ്ടി കോടതികളില്‍ വരുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ് ജഡ്ജി മരിസേല മൂര്‍ നേരത്തെ ഉത്തരവായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാസ്‌ക് ആവശ്യമില്ലെന്ന സംസ്ഥാന ഗവര്‍ണറുടെ എക്സിക്യൂട്ടീവ് ഉത്തരവിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ന്യായാധിപയുടെ പുതിയ ഉത്തരവ് വന്നത്.കൗണ്ടികളിലും നഗരങ്ങളിലും സ്‌കൂള്‍ ജില്ലകളിലും പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും മാസ്‌ക് നിര്‍ബന്ധിതമാക്കരുതെന്ന ഗവര്‍ണറുടെ നിലപാടിനു കടകവരുദ്ധമായ ഉത്തരവിറക്കാന്‍ മൂര്‍ പ്രേരിതയായത് ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 റിസ്‌ക് ലെവല്‍ റെഡ് സോണിലേക്ക് ഉയരുമെന്ന സ്ഥിതി വന്നതോടെയാണ്.
വാക്സിനേഷന്‍ എടുത്താലും ഇല്ലെങ്കിലും കോടതിയില്‍ പ്രവേശിക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരുടെ പ്രവേശനം നിരോധിക്കാമെന്നും അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ് ജഡ്ജി ഉത്തരവില്‍ പറഞ്ഞിരുന്നു. വിളിച്ചിട്ടു വരുന്ന വ്യക്തികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ളതാണ് ഈ നടപടിയെന്ന് മൂര്‍ നിരീക്ഷിച്ചു.ഇതിന്റെ പേരില്‍ ചര്‍ച്ചകള്‍ ഉണ്ടാകേണ്ട കാര്യമില്ല.'കോടതി മുറികള്‍ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; അദ്ദേഹം അത് ഉദ്ദേശിച്ചതായി ഞാന്‍ കരുതുന്നില്ല.'
ടെക്‌സസ് സുപ്രീം കോടതി പറയുന്നതനുസരിച്ച്, കോടതി നടപടികള്‍ കോവിഡ് -19 ന്റെ ഭീഷണിയിലാതിരിക്കാന്‍ ജുഡീഷ്യറി അതോറിറ്റി ന്യായമായ നടപടികള്‍ സ്വയം കൈക്കൊള്ളേണ്ടതുണ്ടെന്ന് മൂര്‍ തന്റെ ഉത്തരവില്‍ പറഞ്ഞു. 'ജുഡീഷ്യറി, ഞങ്ങളുടെ പാതയാണ്. അവിടത്തെ ഞങ്ങളുടെ ഉത്തരവാദിത്തം ഗവര്‍ണറെ ഏല്‍പ്പിക്കാന്‍ കഴിയില്ല. ഞങ്ങളുടെ കോടതി മുറികളിലുള്ളവരുടെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കണം' മൂര്‍ നിരീക്ഷിച്ചു.
ഡെല്‍റ്റാ വൈറസ് വ്യാപകമാകുന്നതാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് ഡാളസ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിലെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവില്‍ സൂപ്രണ്ട് മൈക്കിള്‍ ഫിറോസെ വിശദീകരിച്ചിരുന്നു. ടെക്സസ് ഗവര്‍ണര്‍ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കരുതെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് തങ്ങള്‍ തീരുമാനിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സൂപ്രണ്ട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ഗവര്‍ണറുടെ ഉത്തരവ് ലംഘിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.