ഏതൊരു വിദ്യാർത്ഥിയുടെയും പൗരബോധത്തെ രൂപപ്പെടുത്തുന്ന വിഷയമാണ് പൗരധർമ്മശാസ്ത്രം അഥവാ CIVICS. ഈ വിഷയം പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും മനഃപാഠമാക്കുന്ന അടിസ്ഥാന തത്വമാണ് ഇന്ത്യൻ ഭരണഘടനയുടെ മുഖചിത്രം ആയ PREAMBLE. WE THE PEOPLE OF INDIA HAVING SOLEMNLY RESOLVED TO CONSTITUTE INDIA INTO A SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC. ഇതാണ് ഇന്ത്യൻ ഭരണഘടനയുടെ അസ്ഥിത്വം.
ഓരോ പൗരനെയും ഭാരതീയനാക്കുന്ന, എല്ലാ ഭാരതീയരെയും സഹോദരീസഹോദരന്മാരായി കാണാൻ പ്രേരിപ്പിക്കുന്ന ദിവ്യമന്ത്രമായിരുന്നു ഭരണഘടനയുടെ ഈ ആമുഖം. ഓരോ ഭാരതീയന്റെയും ജീവനും വ്യക്തിത്വത്തിനും വിശ്വാസത്തിനും സുരക്ഷിതത്വം നൽകുന്ന യാഥാർഥ്യമായിട്ടായിരുന്നു ഭരണഘടനാ ശിൽപികൾ ഈ ആമുഖത്തെ നിർവചിച്ചത്.
കുറച്ചുനാളുകളായി ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന വാർത്തകൾ കേൾക്കുമ്പോൾ ഭാരതഭരണഘടനയ്ക്ക് അസ്ഥിത്വം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ട്. മതേതരത്വം മതഭ്രാന്തിലേക്ക് വഴി മാറുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടുവരുന്നു. കാരണം ഭരണഘടനാ ലംഘന പ്രവൃത്തികൾ ഭരണാധികാരികളുടെ ഒത്താശയോടെ അരങ്ങുവാഴുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
ഈ നിരീക്ഷണം നടത്താൻ പ്രേരകമായത് കഴിഞ്ഞയാഴ്ച ജാർഖണ്ഡിൽ നടന്ന ഒരു സംഭവമാണ്. ഒരു ദേശത്തിനു വേണ്ടി, അപരിഷ്കൃതരായ ഒരുകൂട്ടം ജനങ്ങൾക്ക് വേണ്ടി, അവർക്ക് ഉയർത്തെഴുന്നേൽപ്പിന്റെ ഭാഷ പഠിപ്പിക്കാൻ ശ്രമിച്ച ഒരു കത്തോലിക്കാ വൈദികനെ, ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹിയെന്നു മുദ്രകുത്തിയ ദാരുണ സംഭവം മതേതര ഇന്ത്യക്കേറ്റ കനത്ത മുറിവാണ്. ഇത്തരമൊരു അടിസ്ഥാനരഹിത നിലപാടെടുത്ത ഭരണാധികാരികൾ യഥാർത്ഥത്തിൽ നാടിനെ അന്ധകാരത്തിലേക്ക് തള്ളിയിടുന്ന വിധ്വംസക ശക്തിയുടെ വക്താക്കളായി മാറിയെന്നതാണ് സത്യം.
ജനാധിപത്യത്തിന്റെയും മതങ്ങളുടെയും ഈറ്റില്ലം എന്നൊക്കെ അവകാശപ്പെട്ടിരുന്ന ഒരു രാജ്യം ഇന്ന് ജനാധിപത്യത്തിന്റെ മരണം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. മതവർഗീയതയുടെ വിഷം കുത്തിവച്ച് ബഹുഭൂരിപക്ഷത്തെയും അന്ധരാക്കി, ന്യൂനപക്ഷത്തെ അടിച്ചമർത്തികൊണ്ടിരിക്കുന്ന ഭരണാധികാരികൾ മാനവികതയുടെ അന്തകരായി മാറിക്കൊണ്ടിരിക്കുന്നു. കാരണം അവരുടെ നിലപാടുകൾക്ക് മനുഷ്യത്വത്തിന്റെ ചുവയില്ല എന്ന് നാം തിരിച്ചറിയുന്നു.
ജനാധിപത്യം എന്നതും രാഷ്ട്രീയം എന്നതും ജനങ്ങളെ സംബന്ധിച്ച് എന്നതായിരുന്നു ഇതുവരെ മനസ്സിലാക്കിയിരുന്നത്. ഇന്ന് ജനാധിപത്യം ഭരിക്കുന്നവരുടെ വ്യക്തി താൽപര്യങ്ങൾ കാത്തുസൂക്ഷിക്കാൻ മാത്രമുള്ളതായി മാറിയിരിക്കുന്നുവോ എന്ന സംശയം ഓരോ ദിവസം കഴിയുമ്പോഴും ദൃഢമായിക്കൊണ്ടിരിക്കുകയാണ്.
ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം ദളിതരുടേയും ആദിവാസികളുടേയും ഉന്നമനത്തിനുവേണ്ടി മാറ്റിവെച്ചതായിരുന്നു. രാജ്യത്തിന്റെ പരമോന്നത ഭരണവ്യവസ്ഥയിൽ ഇരിക്കുന്നവർ രാജ്യത്തിന് വേണ്ടി ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ ഉത്തരവാദിത്വബോധമുള്ള ഒരു പൗരനായി ചെയ്തുകൊടുത്ത വ്യക്തിയെ തേടിപ്പിടിച്ച് അവഹേളിക്കുകയും രാജ്യദ്രോഹക്കുറ്റം പോലെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ജയിലിലടക്കുകയും ചെയുമ്പോൾ മനുഷ്യനെ മനുഷ്യനായി കാണാൻ ഉള്ള തിരിച്ചറിവ് ഭരണകൂടങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അനുമാനിക്കണം.
ഒരു സമൂഹത്തിന്റെ ഉയർച്ചക്കുവേണ്ടി വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ചവർക്ക് പ്രതിഫലമായി ലഭിക്കുന്നത് ഇത്തരത്തിലുള്ള കഷ്ടപ്പാടുകൾ ആണെങ്കിൽ ഒരു രാജ്യം എങ്ങനെ വളർച്ചയുടെ പാത സ്വന്തമാക്കും? എന്തുകൊണ്ടാണ് ഇത്തരത്തിൽ ഭരണാധികാരികൾ നന്മമരങ്ങൾക്ക് നേരെ വാളോങ്ങുന്നത്? കാരണം ഒന്ന് മാത്രമാണ്, പ്രതികരണശേഷിയുള്ള ഒരു തലമുറ വളർന്നാൽ ചൂഷണം തുടരാനാകാത്തതിനാൽ വളർച്ചയുടെ പ്രേരകങ്ങളായി നിലകൊള്ളുന്നവരെ നിഹനിക്കുന്ന ശൈലിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് വർഗീയതയുടെ ഭാഷയാണ്. ഇത് സ്വാർത്ഥതയുടെ രാഷ്ട്രീയമാണ്. കാരണം അത് ലക്ഷ്യമിടുന്നത് കേന്ദ്രം ഭരിക്കുന്നവരുടെ നിഗൂഡ ലക്ഷ്യങ്ങളുടെ പൂർത്തികരണം മാത്രമാണ്. ഇത്തരത്തിൽ കേന്ദ്ര ഭരണസംവിധാനത്തിൽ ഇരുന്ന് അധികാരത്തെ ദുരുപയോഗം ചെയ്യുന്നവർ പലരും വിദ്യാഭാസസമ്പന്നരായി വളർന്നുവന്നത് ഇത്തരത്തിലുള്ള മിഷണറിമാരുടെ പ്രവർത്തനങ്ങൾ കൊണ്ടാണ് എന്നതാണ് വിരോധാഭാസം.
രാജ്യ പുരോഗതിക്ക് ഉതകുന്ന തരത്തിൽ കർമ്മം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് വ്യക്തികളെ കേന്ദ്ര ഭരണകൂടത്തിന്റെ വർഗ്ഗീയ നിലപാടുകൾ തളർത്തുന്നുണ്ടെന്നത് ഖേദകരമാണ്. പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചില്ലേലും പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അടിച്ചമർത്തുന്നത് തികച്ചു പ്രതിഷേധാർഹമാണ്. ഭരണകൂടങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുടെ നാവരിയുന്ന തരത്തിലുള്ള ഫാസിസ്റ്റ് മനോഭാവങ്ങൾ രാജ്യം ഭരിക്കുന്നവർ സ്വീകരിക്കുന്നത് രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് നയിക്കാനിടയാകും. ഇത്തരത്തിലുള്ള നിലപാടുകൾ ബിജെപി സർക്കാർ മുമ്പും സ്വീകരിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച മദർ തെരേസയെപോലും അധിക്ഷേപിച്ച ഇവരുടെ നടപടികൾ ലോകരാജ്യങ്ങളുടെ വിമര്ശനം ഏറ്റുവാങ്ങിട്ടുണ്ട്. അതായത് നന്മയ്ക്ക് എതിരെ ഒരു തുടർക്കഥ എന്നോണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വീണ്ടും ചെയ്യുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയപ്പെടേണ്ടതാണ്.
എന്തു ദ്രോഹമാണ് മദർതെരേസ ചെയ്തിട്ടുള്ളത്? എന്തു ദ്രോഹമാണ് ഫാ.സ്റ്റാൻ സ്വാമി ചെയ്തിട്ടുള്ളത്? അത് അനീതിക്കെതിരെ ശബ്ദമുയർത്തിയെന്നതും, ഒരു നാടിന് വിദ്യാഭ്യാസ ഉന്നമനം കൊണ്ടുവന്നുവെന്നതും, ഒരു കൂട്ടം ആളുകൾക്ക് ജീവിക്കാനുള്ള വകനൽകിയെന്നതും, ഒരു ജനതയെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവന്നു എന്നതുമാണ്.
ജനം അംഗീകരിക്കുന്ന 83 വയസ്സുകാരനായ ഒരു പുരോഹിതനിൽ ഇത്രയും കാലം ഇല്ലാത്ത ഒരു കുറ്റം ഇപ്പോൾ ബിജെപി സർക്കാർ കണ്ടുവെങ്കിൽ അത് വർഗീയതയുടെയും സ്വാർത്ഥയുടെയും പ്രകടനമായേ വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളു. പൗരത്വബില്ലിന്റെ പേരിൽ മുസ്ലിങ്ങൾക്കെതിരേ ബിജെപി സർക്കാർ ഈ ഭാഷ ഉപയോഗിച്ചിരുന്നു. ഇതിന്റെ തുടർക്കഥ എന്നതുപോലെ ഫാ.സ്റ്റാൻ സ്വാമിയുടെ കാര്യത്തിലും സർക്കാർ ഈ നിലപാട് എടുത്തിട്ടുള്ളത്.
ചിലരുടെ മാത്രം വ്യക്തി താല്പര്യങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഭരണം ഒരു രാജ്യത്തെ നാശത്തിലേക്ക് നയിക്കും. വ്യക്തിത്വം നഷ്ടപ്പെട്ടവർ രാഷ്ട്രത്തിനായി പ്രവർത്തിക്കുമ്പോൾ രാജ്യത്തിന്റെ അസ്തിത്വം നഷ്ടപ്പെടും. ഈ സ്ഥിതിയിലേക്ക് നമ്മുടെ രാജ്യം അധഃപതിച്ചിരിക്കുകയാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം ഇന്ന് മതാത്മകമായി മാത്രം പ്രതികരിക്കുന്നവരുടെ കയ്യിലാകുമ്പോൾ രാജ്യത്തിന് വ്യക്തിത്വം നഷ്ടപ്പെടുകയാണ് നാം തിരിച്ചറിയണം.
ഇത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്ന നിലപാടാണ്. ശക്തമായ പ്രതികരിക്കേണ്ട സമയമാണിത്. അനീതിക്കെതിരെ ശബ്ദം ഉയർത്തേണ്ടത് ഉത്തരവാദിത്വമുള്ള പൗരന്മാരുടെ കടമയാണ്. അധാർമ്മികതക്കെതിരെ ശബ്ദമുയർത്താനുള്ള ഈ സ്വാതന്ത്ര്യം ഈ രാജ്യത്ത് ഭരണഘടന ഉറപ്പുതരുന്നുണ്ട്. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ നമ്മുടെ ശബ്ദം താഴ്ന്നു പോകരുത്. ജനാധിപത്യത്തിന്റെ പേര് കളങ്കപ്പെടാൻ പാടില്ല.
അനീതിക്കെതിരെ പ്രതികരിക്കുന്ന പൗരന്മാരാണ് രാജ്യത്തെ യഥാർത്ഥ വികസനനത്തിലേക്ക് നയിക്കുകയുള്ളുവെന്ന് മറക്കാതിരിക്കാം. അതിനാൽ തണലേകുന്ന മരങ്ങളെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമായതുപോലെ സമൂഹത്തിലുള്ള നന്മ മരങ്ങളെ സംരക്ഷിക്കേണ്ടത് നാടിന്റെ കെട്ടുറപ്പിന് അനിവാര്യമാണ്.
ജിബിൻ ബെന്നി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.