ഡോളര്‍ കടത്ത്: സത്യസന്ധത തെളിയിച്ചാല്‍ ക്യാപ്റ്റനാകാം, ഇല്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

ഡോളര്‍ കടത്ത്: സത്യസന്ധത തെളിയിച്ചാല്‍ ക്യാപ്റ്റനാകാം, ഇല്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ സത്യസന്ധത തെളിയിച്ചാല്‍ ക്യാപ്റ്റനോ ദൈവമോ ആകാം, ഇല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക സഭ നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സര്‍ക്കാര്‍ നിരന്തരം തടസ്സപ്പെടുത്തിയത് ഇത്തരം രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി കണക്കില്‍ എടുത്തല്ലേ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുത്ത് അപമാനിച്ചത്. കാലചക്രം തിരിഞ്ഞു വന്നു. മുഖ്യമന്ത്രി കേസില്‍ പ്രതിയാകണം. മുഖ്യമന്ത്രിക്ക് ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി വിശ്വസനീയമാണ്. മുഖ്യമന്ത്രിക്ക് ഭയമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുവെന്ന് പി ടി തോമസും പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സത്യസന്ധത തെളിയിക്കാനുള്ള അവസരമാണ് ഇതെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു നിമിഷം പോലും കസേരയില്‍ ഇരിക്കാതെ മുഖ്യമന്ത്രി രാജി വെക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അനുമതി നല്‍കില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചത്.

കോടതിയുടെ പരിഗണനയില്‍ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിര്‍ണ്ണായകമാണ്. ഇത് സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള അവസരമാണിതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.