ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ് ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാനും. ഒരിയ്ക്കല്‍ ഒരുമിച്ച് കഴിഞ്ഞവര്‍ വേര്‍പിരിഞ്ഞ ശേഷം പരസ്പരം ശത്രുത പുലര്‍ത്തിയ ചരിത്രമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉള്ളത്. എന്നാല്‍ പ്രതിസന്ധിക്കാലത്ത് എന്നും പാകിസ്ഥാനെ സഹായിക്കുന്ന മനോഭാവമാണ് ഇന്ത്യ പുലര്‍ത്തിയിട്ടുള്ളത്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിഭജനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാകിസ്ഥാന് ഒരു വര്‍ഷത്തോളം കറന്‍സികള്‍ അടിച്ചു നല്‍കിയത്. സ്വാതന്ത്ര്യത്തിന് ശേഷമായിരുന്നു ഏകദേശം ഒരു വര്‍ഷത്തേക്ക് ഇന്ത്യ പാകിസ്ഥാനുവേണ്ടി കറന്‍സി അച്ചടിച്ചിരുന്നത്.
ഇന്ത്യയും പാകിസ്ഥാനും ഇരു രാഷ്ട്രങ്ങളായി വിഭജിച്ചതിന് പിന്നാലെ അധികാരങ്ങള്‍, സ്വത്തുക്കള്‍ എന്നിവയും വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ വിഭജനത്തെ തുടര്‍ന്ന് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ കലാപത്തെ നിയന്ത്രിക്കുന്നതിനായിരുന്നു പാക് ഭരണകൂടം ശ്രദ്ധ നല്‍കിയത്. വിഭജനത്തിന് ശേഷം ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഇരു രാഷ്ട്രങ്ങളും പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു.
എന്നാല്‍ അപ്പോഴാണ് പാകിസ്ഥാന് തങ്ങള്‍ക്ക് കേന്ദ്ര ബാങ്കിംഗ് സംവിധാനമില്ല എന്ന തിരിച്ചറിവുണ്ടായത്. സ്വന്തമായി കറന്‍സി ഇല്ലാത്തത് വിനിമയ രംഗത്ത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. വിഭജന കരാറിലൂടെ പാകിസ്ഥാന് നല്‍കേണ്ട സമ്പത്ത് നല്‍കുന്നതില്‍ ഇന്ത്യയ്ക്കും ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
പ്രശ്‌നപരിഹാരത്തിനായി ഇടക്കാല സര്‍ക്കാര്‍ മന്ത്രിസഭയുടെ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പിന്നീട് ഇതില്‍ ഗവര്‍ണര്‍ ജനറല്‍ ചെയര്‍മാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും രണ്ട് പ്രതിനിധികള്‍ വീതം അംഗങ്ങളുമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ ഇത് സെന്‍ട്രല്‍ ബാങ്കായി പ്രവര്‍ത്തിക്കുകയും പാകിസ്ഥാനിലേക്ക് റിസര്‍വ് ബാങ്ക് കറന്‍സികള്‍ അടിച്ചു നല്‍കുകയും ചെയ്തു.
അതില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്ന് ഇംഗ്ലീഷില്‍ അച്ചടിക്കുകയും നോട്ടിന്റെ വെളുത്ത ഭാഗത്ത് ഉര്‍ദുവില്‍ ' ഹകുമത്ഇ പാകിസ്ഥാന്‍' എന്നും അച്ചടിച്ചു. 1948 സെപ്തംബര്‍ 30 വരെയാണ് പാകിസ്ഥാന്‍ ഈ കറന്‍സികള്‍ ഉപയോഗിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.