ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന സ്ഥിതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കും. ഒഴിവുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നത് അനഭിലഷണീയമാണ്. ഒഴിവിന് ആനുപാതികമായി പട്ടിക തയ്യാറാക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ എച്ച.്‌സലാമിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന സ്ഥിതിയുണ്ടാവില്ല.
നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി.എസ്.സി നിയമന ശുപാര്‍ശകള്‍ നല്‍കി വരുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല.
അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒഴിവുകളുടെ പല മടങ്ങ് ആളുകളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പലതരം ചൂഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, ഒഴിവുള്ള തസ്തികകള്‍ എന്നീ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.