ദൈവദാസി സി. ഫിദേലിസ് തളിയത്ത് എസ്.ഡി. - അനുകമ്പയുടെ മിഷനറി ഡോക്ടർ

ദൈവദാസി സി. ഫിദേലിസ് തളിയത്ത് എസ്.ഡി. - അനുകമ്പയുടെ മിഷനറി ഡോക്ടർ

ധന്യനായ വർഗീസ് പയ്യപ്പിള്ളി അച്ചനാൽ ആലുവ ചുണങ്ങുംവേലിയിൽ സ്ഥാപിതമായ അഗതികളുടെ സഹോദരികൾ (Sisters of Destitute) എന്ന സന്യാസിനി സമൂഹം ഭാരത സഭക്കും പ്രത്യേകിച്ച് സീറോ മലബാർ സഭക്കും തളിയത്ത് കുടുബത്തിനും സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റേയും അതിവിശിഷ്ഠ മുഹൂർത്തം നൽകിയിരിക്കുന്നു. ഭാരത കത്തോലിക്കാ സഭയുടെ വൈദീക ശ്രീകോവിലിന്റെ പിളളതൊട്ടിൽ എന്ന് അറിയപ്പെട്ടിരുന്ന വരാപ്പുഴ പുത്തൻപള്ളിയിൽ നിന്നും വീണ്ടും ഒരു വിശുദ്ധയിലേക്കുളള ആദ്യപടിയായ ദൈവദാസിയായി സി. ഡോ. ഫിദേലിസ് തളിയത്ത് എസ്.ഡി. ഉയർത്തപ്പെട്ടു. പുത്തൻപള്ളി തളിയത്ത് ജോസഫിന്റേയും ചാലക്കുടി പരിയാരം കിഴക്കൂടൻ മറിയംകുട്ടിയുടേയും ആറു മക്കളിൽ രണ്ടാമത്തെ മകളായാണ് 1929 ഫെബ്രുവരി 20 ന് കോച്ചുത്രേസ്യ എന്ന സി. ഫിദേലിസ് ജനിച്ചത്. കത്രീന ദേവസി കോയിക്കര കിഴക്കമ്പലം, പ്ലമേന എന്ന സി.പൾമേഷ്യ സി.എം.സി., പൗലോസ് തളിയത്ത് മുപ്പത്തടം, സെലീന സിറിയക് കണിയാംപറമ്പിൽ തത്തംപിള്ളി ആലപ്പുഴ, ജെയിംസ് തളിയത്ത് പുത്തൻപളളി വരാപ്പുഴ എന്നിവർ സഹോദരങ്ങളാണ്. കൊച്ചുത്രേസ്യയുടെ സ്വഭാവ രൂപീകരണത്തിനും പ്രത്യേകിച്ച് ദരിദ്രരോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിലും അവളുടെ മാതാപിതാക്കൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തന്റെ പ്രാഥമീക വിദ്യാഭ്യാസം പുത്തൻപള്ളി, വരാപ്പുഴ സ്കൂളുകളിൽ നിന്നും പൂർത്തിയാക്കി, ഹൈസ്കൂൾ വിദ്യാഭാസത്തിനായി എറണാകുളം സെന്റ് മേരീസ് ബോർഡിങ് സ്കൂളിൽ ചേർന്നു. മംഗലാപുരം സെന്റ് ആൻസിൽ നിന്നാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗണിതശാസ്ത്രത്തെ പ്രധാന വിഷയമായി തിരഞ്ഞെടുത്ത അവർ സ്വർണ്ണ മെഡൽ നേടി ബിരുദം കരസ്ഥമാക്കി. തുടർന്ന് തിരുവനന്തപുരം, കറുകുറ്റി കർമലീത്താ സ്കൂളുകളിൽ പഠിപ്പിക്കുമ്പോളാണ് പാവപ്പെട്ടവരെ ശുശ്രുഷിക്കുവാനുള്ള തന്റെ ദൈവവിളി ശ്കതമായി തിരിച്ചറിഞ്ഞത്. ദൈവത്തിന്റെ ഇഷ്ടവും പദ്ധതിയും മനസ്സിലാക്കിയ കൊച്ചുത്രേസ്യ ചുണങ്ങുംവേലിയിൽ അഗതികളുടെ സഹോദരികൾ എന്ന സഭയിൽ സന്യാസാർത്ഥിനിയായി ചേർന്ന് 1953 ജനുവരി 6 ന് വ്രതവാഗ്ദാനം ചെയ്യുകയും ഗുരുത്തി അമ്മയായ സി. സാവിയോയുടെ കീഴിൽ നവസന്ന്യാസം അഭ്യസിച്ച് സി. ഫിദേലിസ് എന്ന നാമധേയം സ്വീകരിക്കുകയും തുടർന്ന് അതിന് അനുസൃദമായ വിശ്വാസം ജീവിതം നയിക്കുകയും ചെയ്തു. അന്ന് 16 പേരുണ്ടായിരുന്ന അവരുടെ സംഘത്തിലെ 8 പേർ നിത്യതയിലേക്കും 8 പേർ ഇന്നും യേശുവിന് സാക്ഷ്യം വഹിച്ച് സഹപാഠിയായ ഈ ദൈവദാസിയെ കുറിച്ചുള്ള ഓർമ്മകളിലും ജീവിക്കുന്നു.

ഭാരത കാത്തോലിക്ക സഭയിൽ നിന്ന് വൈദ്യശാസ്ത്ര വിഭാഗത്തിൽ ആദ്യ ദൈവദാസിയാണ് സി. ഡോ. ഫിദേലിസ്. ആതുര സേവനത്തിൽ ഒത്തിരിയേറെ ശുശ്രുഷകൾ നൽകുന്ന തിരുസഭക്കു ഒരു പൊൻതൂവൽ കൂടിയാണ് സിസ്റ്റർ. അമേരിക്കയിലുളള ചിക്കാഗോയിലെ ലയോള സർവകലാശാല നിന്നും ഗൈനക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഡൽഹി അശോക വിഹാറിൽ അഗതികളുടെ സഹോദരികളുടെ ജീവോദയ ഹോസ്പിറ്റൽ എന്ന സ്വപ്നം സാക്ഷത്കരിക്കുകയും അനാഥരായ അനേകം അമ്മമാരേയും ശിശുക്കളേയും പരിപാലിക്കുകയും, സന്താനങ്ങൾ ഇല്ലാത്ത അനേകർക്ക് കുട്ടികളെ നൽകണമേ എന്ന് ദൈവത്തിന്റെ മുന്നിൽ കരഞ്ഞ് മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്ത ഈ അമ്മയുടെ പ്രാർത്ഥന ദൈവം ഒരിക്കലും നിഷേധിച്ചിട്ടില്ല!

യേശു തന്റെ ശിഷ്യരെ സുവിശേഷ പ്രഘോഷനത്തിനായി പറഞ്ഞയച്ചപ്പോൾ കൊടുത്ത ഒരു പ്രേത്യേക ദൗത്യമാണ് “രോഗികളെ സുഖപ്പെടുത്തുക” (മത്തായി 10:8). “രോഗശാന്തി നൽകുന്ന ക്രിസ്തുവിന്റെ നിയുക്തപ്രവൃത്തിയാണ് ഭിഷഗ്വരന്റെ കത്തോലിക്കാ അനന്യത (ഐഡന്റിറ്റി)” എന്ന് ആരോഗ്യ പരിപാലന പ്രവർത്തകൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് എമെറിറ്റസ് കർദിനാൾ ജാവിയർ ലോസാനോ ബരഗൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ദൗത്യവും പേറി സ്വന്തവും ബന്ധവും എല്ലാം ഉപേക്ഷിച്ചു ഉത്തര ഭാരതത്തിൽ അഗതികളുടെ സഹോദരികളുടെ സന്യാസ നിയമങ്ങളും അധികാരികളുടെ ആജ്ഞകളും അനുസരിച്ചു നിരവധി രോഗികൾക്കും പീഡിതർക്കും പാവപെട്ടവർക്കും വേണ്ടി ഉഴിഞ്ഞുവച്ച തന്റെ ജീവിതം ഗോതമ്പുമണി നിലത്തുവീണ് അഴിഞ്ഞു ഒത്തിരി ഏറെപേർക്കു (യോഹ 12:24), ജീവൻ സമൃദ്ധമായി ലഭിക്കുവാൻ (യോഹ 10:10) ഇടവന്നതിന്റെ അംഗീകാരമാണ് ഈ ദൈവദാസി പദവി! ഡൽഹിയിലെയും പ്രാന്തപ്രേദേശങ്ങളിലെയും പാവപ്പെട്ടവരുടെ അത്താണി ആയിരുന്നു ഫിഡലിസ്അമ്മ. പാവപ്പെട്ടവരോട് അനുരൂപപ്പെടുവാൻ വേണ്ടി അഗതികളുടെ സഹോദരികൾ എന്ന സന്യാസ സമൂഹത്തിൽ തന്റെ വ്രത ത്രയ ജീവിഹിതം നയിച്ച് ദരിദ്രനായി ജനിച്ചു ജീവിച്ചു മരിച്ചു അടക്കപ്പെട്ട യേശുവിനെ അടുത്തു അനുകരിക്കുന്നതിലും, സഭ ദരിദ്രയും ദരിദ്രർക്കും വേണ്ടിയുള്ള ദൈവത്തിന്റെ കാരുണ്യത്തിന്റെ ആഴം അറിയുന്നവരുടേതാണ് എന്നും അതിനാൽ ദരിദ്രരെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെകുറിച്ചുള്ള അജ്ഞതയാണ് എന്ന് പലയാവർത്തി തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ച ഫിദേലിസമ്മ 2008 ജനുവരി 17 ലെ തന്റെ മരണം വരെ തന്റെ ആതുര സേവനരംഗങ്ങളിലൂടെ പ്രഘോഷിക്കുകയും ചെയ്ത ആ സത്യം തിരുസഭ അതിന്റെ ആരംഭം മുതലും 2013 മുതൽ ഫ്രാൻസിസ് പാപ്പായും നിർവചിക്കുന്ന അപരിമേയമായ സത്യം ആണ്. "ഈ ചെറിയവരിൽ ആർക്കെങ്കിലും എന്തങ്കിലും ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്" എന്ന ക്രിസ്തുവചനം അഗതികളുടെ സഹോദരികൾ പലയാവർത്തി ഹൃദയത്തിലേറ്റി അനുഭവമാക്കിയതിന്റെ തെളിവാണ് ഈ ദൈവദാസി.

“സ്നേഹമാകുന്ന ദൈവം എന്നെ സ്നേഹിക്കുന്നു” എന്ന വലിയ ഉൾകാഴ്ച്ച സുകൃതജപമായി ഉരുവിട്ട് അതു തന്റെ ജീവിതദർശനവും ശൈലിയുമായി പരിണയമിപ്പിച്ചു. തന്നെ കാണാൻ വരുന്നവരെ ഈ സുകൃതജപം പഠിപ്പിക്കുകയും ആവർത്തിച്ച് ഉരുവിടുന്നതിലൂടെ സ്നേഹത്തിന്റെ ഉപകരണമായി മാറാമെന്നുള്ള ബോധ്യം നൽകുകയും ചെയ്ത വിശുദ്ധ ചൈതന്യമാണ് ഈ ദൈവദാസി. യേശു നമുക്ക് നൽകുന്ന ജീവിതം ഒരു പ്രണയകഥയാണെന്നും, ആ പ്രണയ കഥയിൽ ഭാഗമാകാനുള്ള ക്ഷണമാണതെന്നും, ഈ പുതിയ ദൈവദാസി തെന്റെ എളിയ ജീവിതത്തിലൂടെ വിശദീകരിക്കുന്നുണ്ട്. "ഞാൻ ഈ ഭൂമിയിൽ ഒരു ദൗത്യമാണ്. അതു കൊണ്ടാണ്, ഞാൻ ഈ ലോകത്തിലായിരിക്കുന്നത്" എന്ന് ഓരോ വ്യക്തിയെ കൊണ്ട് ചിന്തിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ് ഫിദേലിസമ്മ. 'മറ്റുള്ളവർക്കു വേണ്ടി ആയിരിക്കൽ' എന്നതിന്റെ പൂർണ്ണതയാണ് സ്നേഹവും കുടുംബവും. വിളി തിരിച്ചറിയുമ്പോൾ, അത് ഏതു രൂപത്തിലായാലും, ആ വിളി ദൈവത്തിൽ നിന്നുള്ള വിളിയാണെന്നു തിരിച്ചറിയുകയും അനുസരിക്കുകയും ചെയ്താൽ നിങ്ങൾ സമ്പൂർണ്ണമായ സാഫല്യം കണ്ടെത്തുകയായി എന്ന് ഒരിക്കൽ കൂടെ ലോകത്തോട് വിളിച്ചു പറയുകയത്രേ തന്റെ ദൗത്യം എന്ന് എളിമയയുടെ ഈ ദൈവദാസി.

മഹാമാരിയായ കൊറോണ വൈറസ് മാനവരാശിയെ ഭീതിയിലാഴ്ത്തന്ന ഈ അവസരത്തിൽ ഡോക്ടറായ ഒരു ദൈവദാസിയെ കൂടി വിശ്വാസ തീഷ്ണതക്കായി തമ്പുരാൻ നമുക്ക് നൽകിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26