കൊല്ലം: രാജ്യത്തെ പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചിരിക്കെ കെ.എല്‍.ക്യു. 4783 നമ്പര്‍ ബെന്‍സ് ലോറി വീണ്ടും വാര്‍ത്തയാവുകയാണ്. 1964 മോഡല്‍ ലോറിയാണിതെങ്കിലും ഇതിന്റെ മൂല്യം സകല അളവ് മാനദണ്ഡങ്ങള്‍ക്കും അപ്പുറമാണ്. കൊല്ലം ബിഷപ്പ് ഹൗസിന്റെ മുറ്റത്ത് തറവാടിത്വത്തിന്റെ തലയെടുപ്പോടെ കിടക്കുന്ന ഈ ലോറിയുടെ കഥയറിയണം അതിന് വിലയിടാന്‍.
1964 ഡിസംബറില്‍ മുംബൈയില്‍ നടന്ന മുപ്പത്തെട്ടാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയപ്പോള്‍ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ദിനം. വിലപ്പെട്ട സമ്മാനവുമായായിരുന്നു പരിശുദ്ധ പിതാവിന്റെ വരവ്.
കാരിത്താസ് ഇന്റര്‍നാഷണലിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്മാനമായി അന്ന് അദ്ദേഹം മൂന്ന് ബെന്‍സ് ലോറികള്‍ ഇന്ത്യയിലെ വിവിധ രൂപതകള്‍ക്ക് നല്‍കി. അതിലൊരെണ്ണം കൊല്ലം ബിഷപ്പിന്റെ കീഴിലുള്ള കാരിത്താസിനാണ് ലഭിച്ചത്. പിന്നീട് ദൈവദാസനായി വാഴ്ത്തപ്പെട്ട ബിഷപ്പ് ജെറോം തിരുമേനിയായിരുന്നു അന്ന് കൊല്ലം ബിഷപ്പ്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന സ്റ്റീഫന്‍ ആയിരുന്നു ബെന്‍സ് ലോറി ആദ്യം ഓടിച്ചിരുന്നത്. പിന്നീട് യേശുദാസന്‍ ഡ്രൈവറായെത്തി.
വര്‍ഷം 57 കഴിഞ്ഞിട്ടും ലോറി നല്ല കുട്ടപ്പനായി ഇന്നും ബിഷപ്പ് ഹൗസ് കോമ്പൗണ്ടിലുണ്ട്. മറ്റ് ലോറികളെല്ലാം കാലം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചെങ്കിലും കൊല്ലം രൂപതയിലെ മാറിമാറി വന്ന ബിഷപ്പുമാരെല്ലാം മാര്‍പ്പാപ്പ നല്‍കിയ സമ്മാനത്തെ പവിത്രതയോടെ കാത്തു സംരക്ഷിച്ചു.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാധന സാമഗ്രികള്‍ കൊണ്ടു പോകാനും രൂപതയുടെ സ്ഥലങ്ങളില്‍ നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ എടുക്കാനുമെല്ലാമായി ഏറെ ഓടിയിട്ടുണ്ടിവന്‍. ഇപ്പോഴും റണ്ണിങ് കണ്ടീഷനാണ്. ലോറിയുടെ പല ഭാഗങ്ങളും കൈകൊണ്ട് നിര്‍മിച്ചവയാണ്. ഇടയ്ക്ക് സ്‌പെയര്‍ പാര്‍ട്സുകളും ഇങ്ങനെ ഉണ്ടാക്കാറുണ്ട്.
ഇപ്പോള്‍ റോഡിലിറക്കാറില്ല. ഇടയ്‌ക്കൊക്കെ സ്റ്റാര്‍ട്ട് ചെയ്തിടും. വല്ലപ്പോഴും ബിഷപ്പ് ഹൗസ് വളപ്പില്‍ തന്നെ ഓടിച്ചു നോക്കും. അറ്റകുറ്റപ്പണികളെല്ലാം കൃത്യമായി ചെയ്യും. രൂപഭാവങ്ങളിലൊന്നും വലിയ മാറ്റം വരുത്തിയിട്ടില്ല. സേവന പ്രവര്‍ത്തനത്തിനായതുകൊണ്ട് നേരത്തേ തന്നെ നികുതി ഒഴിവാക്കിയിരുന്നു. പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെയും ബിഷപ്പ് ജെറോം തിരുമേനിയുടെയുമെല്ലാം ഓര്‍മകളും പേറി ഇപ്പോള്‍ ചരിത്ര സ്മാരകമായി നിലകൊള്ളുകയാണ് കെ.എല്‍.ക്യു. 4783 നമ്പര്‍ ബെന്‍സ് ലോറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.