മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കുടുംബം; ചലച്ചിത്ര താരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമെന്ന് ആരോപണം

മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കുടുംബം; ചലച്ചിത്ര താരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമെന്ന് ആരോപണം

കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

കൊച്ചി: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മിഷേലിന്റെ കുടുംബം.

മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. 2017 ലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്ത് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.