കൊച്ചി: കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണത്തില്‍ തുറന്നത് അദ്ഭുതങ്ങളുടെ പെട്ടിയെന്ന് ഹൈക്കോടതി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് തീയതി പുലര്‍ച്ചെയാണ് കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കവര്‍ച്ച നടക്കുന്നത്. പക്ഷേ അന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായില്ല. സംഭവത്തിന് ശേഷം പരാതിക്കാരന്‍ കോഴിക്കോട്ടേക്ക് തിരിച്ച് പോകുകയും മടങ്ങിയെത്തി ഏപ്രില്‍ ഏഴിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടമായതായി പരാതിപ്പെടുകയുമായിരുന്നു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു അദ്ഭുതപ്പെട്ടിയാണ് തുറന്നതെന്ന് കോടതി പറഞ്ഞു.
മൂന്നരക്കോടി രൂപയുടെ കവര്‍ച്ച നടന്നതായി പോലീസിന് വ്യക്തമാകുകയായിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്ത് വന്നത്. കേരളത്തില്‍ ഹൈവേ റോബറിയാണ് നടന്നത്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കവര്‍ച്ചയാണ് നടന്നതെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
അതേസമയം കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ ഉടന്‍ തുടങ്ങാനുള്ള സാധ്യതകള്‍ കുറവാണ്. തൃശൂരിലെ കോടതിയില്‍ ഇത് സംബന്ധിച്ച് നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതി ഇതുവരെ രൂപവത്കരിച്ചിട്ടില്ല. അതിനാല്‍ വിചാരണ അനന്തമായി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലുമാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഏര്‍പ്പെട്ടാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.