ന്യൂഡല്‍ഹി: ബിജെപിക്കെതിരായ മുന്നേറ്റത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ചില വിട്ടു വീഴ്ചകള്‍ക്കൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും മമത ബാനര്‍ജിയും ശരദ് പവാറുമാണ് ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഇടതുപക്ഷവും ഈ ചേരിയില്‍ നില്‍ക്കുന്നു. മാത്രമല്ല, രാജ്യത്തെ ഒട്ടേറെ പ്രാദേശിക കക്ഷികളുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരുമിച്ച് നിന്ന് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കണം എന്നാണ് പൊതു വികാരം.
കോപ്പുകൂട്ടുന്നത് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് അണിയറയില്‍ കരുക്കള്‍ നീക്കുന്നത് എന്നാണ് വാര്‍ത്തകള്‍. ഇതിനിടെ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാട് എന്ത് എന്ന ചോദ്യം പ്രസക്തമാണ്. 2004 ആവര്‍ത്തിക്കാനാണ് സാധ്യത എന്നാണ് വിവരം.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മമത ബാനര്‍ജിക്ക് ദേശീയ നേതാവിന്റെ പ്രതിഛായ കൈവന്നിട്ടുണ്ട്. ബംഗാളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയാണ് മമത മികച്ച വിജയം നേടിയത്. 2016ല്‍ നേടിയ വിജയത്തേക്കാള്‍ മാറ്റ് കൂടിയ വിജയമായിരുന്നു ഇത്തവണ. ഇടതുപക്ഷും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.
ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഇടതുപക്ഷം തയ്യാറായിരുന്നു. ഈ സഖ്യത്തിലേക്ക് ഇരുകക്ഷികളും എത്തിയത് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ്. അന്ന് സിപിഎമ്മിലും കോണ്‍ഗ്രസിലും സഖ്യത്തിനെതിരെ വന്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ മറികടന്ന് സഖ്യം യാഥാര്‍ഥ്യമായി. പക്ഷേ, ജയിക്കാനായില്ല.
ബംഗാളില്‍ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ പാടേ തഴഞ്ഞു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായത്. ബിജെപിയും മമതയും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയായിരുന്നു ബംഗാളില്‍. തൃണമൂലിലെ പ്രധാന നേതാക്കള്‍ ഓരോ ദിവസവും ബിജെപിക്കൊപ്പം പോയെങ്കിലും ജനം മമതയ്ക്കൊപ്പം നിന്നു.
294 ല്‍ 213 സീറ്റ് നേടി മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ ജയിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. നരേന്ദ്ര മോഡി, അമിത് ഷാ, ജെപി നദ്ദ തുടങ്ങി പ്രമുഖരായ ബിജെപി നേതാക്കള്‍ ബംഗാളില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, കേന്ദ്രസേനയെ വന്‍തോതില്‍ ഇറക്കുകയും ചെയ്തു. എന്നിട്ടും മമതയുടെ മുന്നില്‍ പച്ച തൊട്ടില്ല.
ബംഗാളിലെ ജയത്തോടെ മമത തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ദേശീയ തലത്തിലാക്കി. ആദ്യ ചുവട് ത്രിപുരയിലേക്ക്. മറ്റൊരു ചുവട് ഡല്‍ഹിയിലേക്കും. ബിജെപിയിലേക്ക് പോയ മുകുള്‍ റോയ് തിരിച്ചെത്തിയത് മമതയുടെ നീക്കങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ചു. ത്രിപുരയില്‍ ഒട്ടേറെ ബന്ധങ്ങളുള്ള മുകുള്‍ റോയ് ഇറങ്ങി കളിക്കാന്‍ തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പല പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ഒഴുകുന്നു എന്നാണ് ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകള്‍.
ഡല്‍ഹിയിലേക്ക് മമത എത്തുമ്പോള്‍ 2024ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് ചര്‍ച്ചയാകുന്നത്. മമത അടുത്തിടെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു. മറ്റു പ്രതിപക്ഷ നേതാക്കളെയും കണ്ടു. ഈ സന്ദര്‍ശനത്തിന് പ്രശാന്ത് കിഷോര്‍ കളമൊരുക്കുകയും ചെയ്തിരുന്നു.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒരു മഹാസഖ്യം വേണമെന്നാണ് മമതയുടെ നിലപാട്. ഇതിനോട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കുന്നു. വ്യത്യസ്ത ചിന്താ ധാരകളും ആശയങ്ങളും ലക്ഷ്യങ്ങളുമുള്ളവരാണ് ദേശീയ തലത്തില്‍ ഒന്നിക്കാന്‍ പോകുന്നത് എന്നതിനാല്‍ സഖ്യത്തിന് കെട്ടുറപ്പുണ്ടാകുമോ എന്നതാണ് സംശയം.
പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം പൊളിക്കാന്‍ സര്‍വ സന്നാഹവും പ്രയോഗിച്ചുള്ള നീക്കം ബിജെപി നടത്തുമെന്ന് ഉറപ്പാണ്. അതെങ്ങനെ പ്രതിപക്ഷ സഖ്യം നേരിടും എന്നതാണ് പ്രസക്തമായ ചോദ്യം. ഈ വെല്ലുവിളി മറികടക്കുക പ്രതിപക്ഷത്തിന് എളുപ്പമല്ല. മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ പല മണ്ഡലങ്ങളിലും പരസ്പരം മല്‍സരിക്കുന്നവരാണ് എന്നതും പ്രശ്‌നമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ഒന്നിച്ചു നില്‍ക്കുമ്പോഴും ബംഗാളിലും ത്രിപുരയിലും മമതയ്ക്കെതിരെ മല്‍സരിക്കുന്നത് തുടരാനാണ് സിപിഎം തീരുമാനം. ദേശീയ തലത്തില്‍ മുഖ്യ ശത്രു ബിജെപിയാണെന്ന് സിപിഎം മനസിലാക്കുന്നു. അതിനാല്‍ 2004ല്‍ ഇടതുപക്ഷം സ്വീകരിച്ച അതേ നിലപാട് തന്നെയാകും 2024ലും സ്വീകരിക്കുക എന്നാണ് സീതാറാം യെച്ചൂരി സൂചിപ്പിക്കുന്നത്.
2004 ല്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായിരുന്നു ഇടതുപക്ഷം. 61 സീറ്റില്‍ ജയിച്ച് ഇടതുപക്ഷം പാര്‍ലമെന്റില്‍ വലിയ ശക്തിയായി. എന്നാല്‍ ഭരണത്തില്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചത്. അന്ന് ജയിച്ച 57 ഇടത് പാര്‍ലമെന്റംഗങ്ങളും പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് അംഗങ്ങളെ ആയിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
2004 ലെ അതേ നിലപാട് 2024ലും ഇടതുപക്ഷം സ്വീകരിക്കുമ്പോള്‍ മമതയ്ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കുകയാണ് സീതാറം യെച്ചൂരി. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തമ്മില്‍ വളരെ വൈരുദ്ധ്യമുണ്ടെന്ന് സിപിഎം മനസിലാക്കുന്നു. എന്നാല്‍ ത്രിപുരയിലേക്ക് നോട്ടമിട്ട തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സിപിഎം തയ്യാറല്ല. രണ്ടുകക്ഷികള്‍ക്കും ത്രിപുരയില്‍ നേരിടാനുള്ളത് ബിജെപിയെ ആണ്.
ബിജെപി അല്ലാത്ത ഏത് പാര്‍ട്ടികളുമായും സഹകരിക്കാന്‍ തയ്യാറാണ് എന്നാണ് ബംഗാളിലെ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മമതയുമായി ബംഗാളില്‍ സഖ്യമുണ്ടാക്കില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കുന്നു.
ഈ മാസം 20ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗം വിളിച്ചിട്ടുണ്ട്. അതില്‍ ഇടതുപക്ഷം പങ്കെടുക്കും. ദേശീയ തലത്തില്‍ 14 പാര്‍ട്ടികളാണ് ബിജെപിക്കെതിരെ പോരാടാന്‍ ഇപ്പോള്‍ ഒന്നിക്കുന്നത്. പിന്നീട് കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് വരുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.