ജയ്പൂര്‍: ജയ്പൂരില്‍ യാചകര്‍ക്ക് ഇനി ഉപജീവനത്തിനായി ആരുടെയും മുന്നില്‍ കൈനീട്ടണ്ട. അന്തസോടെ തൊഴിലെടുത്തു ജീവിക്കാം. 'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയിലൂടെ പുതുജീവിതം കെട്ടിപ്പടുത്തത് 60 യാചകര്‍. രാജസ്ഥാന്റെ യാചക വിമുക്തിക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഭിക്ഷു ഓറിയന്റേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ബിഎച്ച്ഒആര്‍) എന്ന പദ്ധതിയുടെ ഭാഗമായാണ് ആശയം നടപ്പാക്കുന്നത്.
ജയ്പൂരില്‍ ആവശ്യമായ തൊഴില്‍ പരിശീലനം നേടിയ ശേഷമാണ് ഇവര്‍ക്കെല്ലാം ജോലി ലഭിച്ചത്. രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്ലിഹുഡ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (ആര്‍എസ്എല്‍ഡിസി), സോപന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഭവനരഹിതരായ 60 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുകയും ചെയ്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യാചകര്‍ക്ക് ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനം നല്‍കി. 100 യാചകര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണു ലക്ഷ്യം. 60 പേരുടെ തൊഴില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി 40 പേരുടെ പരിശീലനം പുരോഗമിക്കുകയാണ്.
ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് പെപ്പേഴ്സ് എന്ന റെസ്റ്റോറന്റിലാണ് ഇവരില്‍ ചിലര്‍ക്കു ജോലി ലഭിച്ചത്. ഒരു സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് തുടക്കത്തില്‍ അവര്‍ക്ക് പ്രയാസകരമായിരുന്നു. പക്ഷെ, ദിവസങ്ങള്‍ നീണ്ടുനിന്ന പരിശീലനം നല്‍കിയതോടെ ജോലിയുമായും തൊഴില്‍ അന്തരീക്ഷവുമായും പൊരുത്തപ്പെട്ടു. പരിശീലനം സിദ്ധിച്ച 12 പേരാണ് ഇവിടെ തൊഴില്‍ ചെയ്യുന്നതെന്നു റെഡ് പെപ്പേഴ്സ് ഡയറക്ടര്‍ രാജീവ് കംപാനി പ്രതികരിച്ചു. ഇത്തരത്തിലുള്ള കൂടുതല്‍ തൊഴിലാളികളെ ഭാവിയില്‍ നിയമിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.