കോവിഡ് പ്രതിസന്ധിയിലും കുതിപ്പ് തുടര്‍ന്ന് വാഹന വിപണി; ജൂലൈയില്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ 45% വളര്‍ച്ച

കോവിഡ് പ്രതിസന്ധിയിലും കുതിപ്പ് തുടര്‍ന്ന് വാഹന വിപണി;  ജൂലൈയില്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ 45% വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വാഹന വിപണി കൂടുതല്‍ ഉണര്‍ന്നു. കഴിഞ്ഞ മാസം ആകെ 15.36 ലക്ഷം പുതിയ വാഹനങ്ങള്‍ പുതുതായി ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) വ്യക്തമാക്കി. വാണിജ്യ വാഹനങ്ങള്‍ കൂടാതെയാണിത്.

2020 ജൂലൈയില്‍ മൊത്ത വില്‍പന 14.76 ലക്ഷം യൂണിറ്റുകളായിരുന്നു. അതേസമയം കോവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019നെ അപേക്ഷിച്ച് മൊത്ത വില്‍പനനേട്ടം ഇപ്പോഴും കുറവാണ്. 2019 ജൂലൈയില്‍ ഫാക്ടറികളില്‍ നിന്ന് പുതുതായി ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയത് 17.57 ലക്ഷം വാഹനങ്ങളാണ്.

കാറുകളും എസ്.യു.വികളും ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹന ശ്രേണി നേട്ടം തുടരുന്നുണ്ട്. 2019 ജൂലൈയില്‍ 1.9 ലക്ഷം, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1.82 ലക്ഷം എന്നിവയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പന 2.64 ലക്ഷം യൂണിറ്റുകളായി കുതിച്ചു. വാര്‍ഷികാധിഷ്ഠിത വളര്‍ച്ച 45 ശതമാനമാണ്.

പാസഞ്ചര്‍ ശ്രേണിയില്‍ കാറുകളുടെ വില്‍പന 2019 ജൂലൈയിലെ 1.16 ലക്ഷം, 2020 ജൂലൈയിലെ 1.02 ലക്ഷം എന്നിവയെ അപേക്ഷിച്ച് 1.30 ലക്ഷത്തിലേക്കാണ് കഴിഞ്ഞ മാസം ഉയര്‍ന്നത്. എസ്.യു.വി വില്‍പന 2020 ജൂലൈയിലെ 71,384ല്‍ നിന്നുയര്‍ന്ന് 1.24 ലക്ഷത്തിലെത്തി. 2019 ജൂലൈയില്‍ വില്‍പന 62,681 യൂണിറ്റുകളായിരുന്നു.

കഴിഞ്ഞ മാസം വില്‍പനയ്‌ക്കെത്തിയത് 12.53 ലക്ഷം ടൂവീലറുകളാണ്. 2019 ജൂലൈയില്‍ 15.11 ലക്ഷമായിരുന്നു. 2020 ജൂലൈയില്‍ 12.81 ലക്ഷമായിരുന്നു വില്‍പന. ടൂവീലര്‍ ശ്രേണിയില്‍ സ്‌കൂട്ടര്‍ വില്‍പന പത്തു ശതമാനം ഉയര്‍ന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പന ആറു ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസത്തെ ത്രീവീലര്‍ മൊത്ത വില്‍പന 17,888 യൂണിറ്റുകളാണ്. 2020 ജൂലൈയില്‍ ഇത് 12,278 ആയിരുന്നു. 2019 ജൂലൈയില്‍ 55,719 യൂണിറ്റുകള്‍ വിറ്റുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.