കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ചുരുക്കം ദിവസങ്ങള്‍ക്കകം താലിബാന്റെ പിടിയിലാകുമെന്നുറപ്പായ സാഹചര്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധന ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത് അടിമുടി ആശയക്കുഴപ്പം.'സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്ട്ര സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ ഒരു ആഭ്യന്തര യുദ്ധത്തിന് വിട്ടുകൊടുക്കില്ല'- മുന്‍ കൂട്ടി ശബ്ദ ലേഖനം ചെയ്ത പ്രസംഗത്തിലെ സൂചനകള്‍ ഒട്ടും വ്യക്തമല്ലെന്നും ദുരൂഹതയുടെ ആഴം കൂടിയതേയുള്ളൂവെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു.
ജനങ്ങള്‍ അഭയാര്‍ത്ഥികളായി ഓടിപ്പോകുന്ന സാഹചര്യം മനസിനെ വല്ലാതെ വേദനപ്പിക്കുന്നുവെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും അഷ്റഫ് ഗനി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രതിരോധ സേനയെ പുനസംഘടിപ്പിക്കുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം അഷ്റഫ് ഗനി അധികാരം വിട്ടൊഴിഞ്ഞേക്കുമെന്നും രാജ്യം വിടുമെന്നുമുള്ള അഭ്യൂഹം ശക്തമാണ്്. കാബൂളില്‍ നിന്ന് 50 കിലോമീറ്റര്‍ വരെ അകലെയെത്തി താലിബാന്‍. തലസ്ഥാന നഗരത്തില്‍ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയര്‍ലിഫ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാനും വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികര്‍ കാബൂളിലെത്തി.
അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്താന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതും അഫ്ഗാന്‍ പ്രസിഡന്റ് പ്രസംഗത്തില്‍ പറഞ്ഞ കൂടിയാലോചനകളുമായി ബന്ധമുണ്ടോയെന്നതാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ക്കിടയിലുള്ള ഒരു ചര്‍ച്ചാ വിഷയം.'ശരിയായ സാഹചര്യങ്ങളില്‍' മാത്രമായിരിക്കും ചര്‍ച്ചകളെന്ന താലിബാന്റെ നിലപാടും സംശയങ്ങള്‍ ബാക്കിയാക്കുന്നു. അമേരിക്കന്‍, നാറ്റോ സൈന്യങ്ങളെ പിന്‍വലിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത തുര്‍ക്കി സൈന്യത്തെക്കുറിച്ചുള്ള വിയോജിപ്പ് പരിഹരിക്കാന്‍ താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്നാണ് ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയത്.
താലിബാന്റെ ആത്മീയ നേതാവായി കരുതപ്പെടുന്ന ഹെബത്തുല്ല അഖുന്‍സാദ പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടാറില്ല. അതിനാല്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ ആണ് നിലവില്‍ അതിന്റെ പൊതുമുഖമായി അറിയപ്പെടുന്നത്. ദോഹയിലെ താലിബാന്‍ രാഷ്ട്രീയ കാര്യാലയത്തിന് നേതൃത്വം നല്‍കുന്നതു ബറാദര്‍ ആണ്.'എല്ലാവരും തങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു'-താലിബാന്‍ വക്താവ് മുഹമ്മദ് നയീം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. 'ഞങ്ങള്‍ക്കും അത് ഇഷ്ടമാണ്, എന്നാല്‍ അത് ശരിയായ സാഹചര്യത്തിലായിരിക്കും. ഞങ്ങളും ദോഹയിലെ തുര്‍ക്കി എംബസിയും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. കൂടാതെ എല്ലാ രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താനാഗ്രഹിക്കുന്നു'- താലിബാന്‍ വക്താവ് പറഞ്ഞു.
കണ്ണില്ലാത്ത താലിബാന്‍ ക്രൂരതയില്‍ നിന്നുള്ള തങ്ങളുടെ അവസാന അഭയ സ്ഥാനം തേടി കാബൂളില്‍ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ആളുകള്‍ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ അതിര്‍ത്തികള്‍ തുറന്നിടണമെന്ന് യുഎന്‍ അഫ്ഗാനിസ്ഥാന്റെ അയല്‍ക്കാരോട് നടത്തിയ അഭ്യര്‍ത്ഥന വിഫലമായതേയുള്ളൂ. ഭക്ഷ്യക്ഷാമം വളരെ ഗുരുതരമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) പറഞ്ഞു. ആസന്നമായ മാനുഷിക ദുരന്തത്തെക്കുറിച്ച് ഏജന്‍സി ലോകത്തിന് മുന്നറിയിപ്പ് നല്‍കി.
കാബൂളിലെ അഫ്ഗാന്‍ ചലച്ചിത്രകാരിയായ സഹാറ കരിമി ബിബിസിയോട് പറഞ്ഞു:' ലോകം അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറം തിരിഞ്ഞതായി തോന്നുന്നു. ഇരുണ്ട കാലത്തിലേക്ക് മടങ്ങിവരാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. 1990 കളില്‍ താലിബാന്റെ കീഴിലുള്ള ജീവിത കാലത്ത് സ്ത്രീകള്‍ എല്ലാം മൂടുന്ന ബുര്‍ക്ക ധരിക്കാന്‍ നിര്‍ബന്ധിതരായി. 10 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പരിമിതപ്പെടുത്തി. പൊതു വധം ഉള്‍പ്പെടെയുള്ള ക്രൂരമായ ശിക്ഷകള്‍ കൊണ്ടുവന്നു.'
'ഞാന്‍ അപകടത്തിലാണ്. പക്ഷേ, ഞാന്‍ ഇനി എന്നെക്കുറിച്ച് ചിന്തിക്കുന്നില്ല,' കരിമിയുടെ വാക്കുകള്‍. 'ഞാന്‍ നമ്മുടെ രാജ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് ... നമ്മുടെ തലമുറയെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുപാട് പ്രവര്‍ത്തിച്ചിരുന്നു.ഞാന്‍ പെണ്‍കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നു ... ഈ രാജ്യത്ത് ആയിരക്കണക്കിന് സുന്ദരികളായ ചെറുപ്പക്കാരായ കഴിവുള്ള സ്ത്രീകളുണ്ട്.'അവരുടെയെല്ലാം ഭാവി താലിബാന്റെ കയ്യില്‍ ഏതു വിധമാകുമെന്ന് ആലോചിക്കാനാകുന്നില്ല സഹാറ കരിമിെയപ്പോലുള്ളവര്‍ക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.