സ്വാതന്ത്ര്യ ദിനം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി

സ്വാതന്ത്ര്യ ദിനം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  പതാക ഉയര്‍ത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടുകള്‍ എത്രത്തോളം ഫലവത്താക്കാന്‍ ഈ ഏഴര പതിറ്റാണ്ടു ഘട്ടത്തില്‍ നമുക്ക് കഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

സ്വാതന്ത്ര്യത്തെ അമ്യതം എന്ന പദവുമായി ചേര്‍ത്ത് വച്ചത് മഹാകവി കുമാരനാശാന്‍ ആണ് എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാം. പ്രധാനമന്ത്രിയുടെ അമൃത് പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടും നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും കരുത്തായി നിലകൊള്ളുകയാണ്. ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന കാഴ്ച്ചപ്പാടാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ആര്‍ദ്രം, ലൈഫ് , പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വര്‍ത്തിച്ചത് ഇത്തരം ഇടപെടല്‍ കൂടിയാണെന്ന് നാം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയില്‍ ജീവനെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ഒപ്പം ജീവിതോപാധികള്‍ നില നിര്‍ത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥ പൂര്‍ണ്ണമാക്കാമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. വിമോചനത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ച്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂര്‍ണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിന ആശംസകള്‍. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.