ഇരിട്ടി: വ്യത്യസ്തമായ ജീവിത ശൈലി, ഭാഷ, സംസ്‌കാരം, മതവിശ്വാസം എന്നിങ്ങനെ ഒരായിരം വൈവിധ്യങ്ങളുടെ ഭൂമികയായിരുന്നിട്ടും ഭാരതമെന്ന ഒറ്റ വികാരമായി ജനത ഒന്നിച്ച് നില്‍ക്കുന്നു എന്നത് ലോക രാഷ്ടങ്ങള്‍ക്കിടയിലെ ഒരു മഹാത്ഭുതമായി ഭാരതത്തെ മാറ്റിയെന്ന് തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടേയും മുക്തിശ്രീയുടേയും ആഭിമുഖ്യത്തില്‍ നടന്ന ദേശീയോദ്ഗ്രഥന ദിനാചരണത്തിന്റെ അതിരൂപതാ തല ഉദ്ഘാടനം ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ മാനിക്കുന്നവര്‍, സംവാദത്തിലൂടെ മനസിലാക്കുവാന്‍ ശ്രമിക്കുന്നവര്‍, മതങ്ങളുടെ സനാതന മൂല്യങ്ങളെ ആദരിക്കുന്നവര്‍, മദ്യമുക്ത ഭാരതത്തെ കെട്ടിപ്പടുക്കുന്നവര്‍... അവരാണ് ഭാരതത്തിന്റെ അടിവേരുകള്‍. ഒരു ഇന്ത്യ, ഒരു ജനത, മഹത്തായൊരു സംസ്‌കാരം. ഈ ആശയ പ്രചരണമാണ് ദേശീയോദ്ഗ്രഥന ദിനാചരണ പരിപാടികളിലൂടെ സമൂഹത്തിന്റെ ഉപരിചിന്തയ്ക്കായി മദ്യവിരുദ്ധ പ്രസ്ഥാനം നല്‍കുന്നത് എന്നതും കാലിക പ്രസക്തമാണെന്നും മാര്‍ ജോസഫ് പാപ്ലാനി പറഞ്ഞു.
മൂന്ന് കോടി ജനങ്ങള്‍ പ്രതിവര്‍ഷം മദ്യപാനം കൊണ്ട് മരണമടയുന്നു എന്ന സി.ഡി.സി റിപ്പോര്‍ട്ട് മദ്യസംസ്‌കാരം മരണ സംസ്‌കാരമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു. അതിനാല്‍ സ്വാതന്ത്ര്യമനുഭവിക്കാതെ മദ്യത്തിന്റെ അടിമയായി ജീവിച്ച് മരിക്കുന്ന കോടിക്കണക്കിന് ജനങ്ങളില്‍ ഒരാളാവാതെ സ്വതന്ത്ര മനുഷ്യനാകാനുള്ള ദൃഡനിശ്ചയം ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഏവരും എടുക്കണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
കെ.സി ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ അതിരൂപതാ ഡയറക്ടര്‍ ഫാ ചാക്കോ കുടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ ആന്റണി ആനക്കല്ലില്‍, അബ്രാഹം വലിയമറ്റം, തമ്പി മഠത്തിനകത്ത്, എലിസബത്ത് മുണ്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഭാരതത്തിനുവേണ്ടി പ്രാര്‍ത്ഥന,ദേശീയ പതാക വന്ദനം, പ്രതിജ്ഞ, ദേശീയഗാനം എന്നിവയോടെ പരിപാടി സമാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.