വിവാദങ്ങളുടെ നടുക്കടലിൽ സീറോ മലബാർ സിനഡിന് നാളെ തുടക്കം

വിവാദങ്ങളുടെ നടുക്കടലിൽ സീറോ മലബാർ സിനഡിന് നാളെ തുടക്കം

കൊച്ചി : സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തിന് നാളെ തുടക്കമാകും. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സമ്മേളനം നടക്കുക. ശനിയാഴ്ചവരെ നീളുന്ന യോഗത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് 63 ൽപ്പരം മെത്രാന്മാര്‍ പങ്കെടുക്കും. ആരാധനാക്രമ ഏകീകരണവും, സഭയിലെ ആഭ്യന്തര ഭരണ നിര്‍വഹണമാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയമാവുക. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 16 മുതല്‍ 27 വരെയാണ് സഭാ സിനഡ്.

ആരാധനാ രീതിയിലെ വിഭാഗീയത കഴിഞ്ഞ കുറെ വർഷങ്ങളായി സീറോ മലബാർ സഭയിൽ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പാപ്പ കല്പന നൽകിയതിന്റെ വെളിച്ചത്തിൽ അത് എന്ന് മുതൽ നടപ്പിലാക്കും എന്ന് ഈ സിനഡ് തീരുമാനിക്കും. മാർപ്പാപ്പയുടെ തിരുവെഴുത്ത് നടപ്പിലാക്കാതെ നിർവ്വാഹമില്ലെന്ന് സീറോ മലബാർ ആരാധനാക്രമം സംബന്ധിച്ച കമ്മീഷന്റെ അധ്യക്ഷൻ മാർ തോമസ് ഇലവനാൽ പറഞ്ഞു.

പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഉത്തരവ് വന്നതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തുടങ്ങിയ അതിരൂപതകളിലും മാറ്റം അനിവാര്യമാണ്. ചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ അൾത്താര അഭിമുഖവും, എറണാകുളം - അങ്കമാലി പൂർണ്ണ ജനാഭിമുഖവുമായാണ് വി. കുർബാന അർപ്പിക്കുന്നത്. മാര്‍പാപ്പയുടെ ഉത്തരവ് ചരിത്രപരമെന്ന് സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പുതിയ ആരാധനാക്രമം സഭയുടെ നന്മയും ഐക്യവും ലക്ഷ്യവച്ചുള്ളതാണ്.

ആരാധനക്രമ ഏകീകരണവും സഭയുടെ ഭരണകാര്യങ്ങളും മുഖ്യ ചർച്ചാവിഷയമാകുമെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വിവാദം, വ്യാജ രേഖ കേസ് തുടങ്ങിയവ ചർച്ചാ വിഷയമാകാൻ സാധ്യതയില്ല എന്നാണ് സഭയോട് അടുത്ത കേന്ദ്രങ്ങൾ അറിയിക്കുന്നത്. ഈ വിഷയങ്ങൾ ഈ വർഷം ജനുവരി മാസം നടന്ന സിനഡിൽ വിശദമായി ചർച്ച ചെയ്തതാണ്. സഭയിൽ ഉയർന്ന വരുന്ന അച്ചടക്ക രാഹിത്യവും വിമത പ്രവർത്തനങ്ങളും നിയന്ത്രിക്കാനും നടപടി എടുക്കാനുമുള്ള കാര്യങ്ങൾ ചർച്ചാ വിഷയമാകും എന്ന് കരുതപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.