കാബൂളില്‍നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

കാബൂളില്‍നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

കാബൂള്‍: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്ന് തിരിച്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 129 യാത്രക്കാരുമായി തിരിച്ച എയര്‍ബസ് എ 320 വിമാനമാണ് രാത്രിയോടെ ഡല്‍ഹിയിലെത്തിയത്. കാബൂളില്‍ നിന്ന് ആറു മണിക്ക് പുറപ്പെട്ട വിമാനം എട്ടു മണിയോടെ ഡല്‍ഹിയില്‍ ഇറങ്ങുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 12.43ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് കാബൂളില്‍ ഇറങ്ങിയത്. 40 പേരുമായാണ് വിമാനം കാബൂളിലേക്കു പോയത്. 162 യാത്രക്കാരുമായി മടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും 129 യാത്രക്കാരാണ് തിരിച്ചെത്തിയത്.

ലാന്‍ഡിങ്ങിന് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ ഇറങ്ങാന്‍ വൈകിയതെന്നാണ് സൂചന. ഇതേ സമയം തന്നെ എമിറേറ്റ്‌സ് വിമാനത്തിനും ലാന്‍ഡിങ്ങിന് ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. റണ്‍വേയില്‍ മറ്റൊരു വിമാനമുണ്ടായതാണ് പ്രശ്‌നത്തിന് കാരണമെന്നു പറയുന്നു. പിന്നീട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. അഫ്ഗാനിസ്താനുമായുണ്ടാക്കിയ എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് എയര്‍ ഇന്ത്യ കാബൂളിലേക്ക് സര്‍വീസ് നടത്തുന്നത്. അതേസമയം, അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന് പൂര്‍ണ്ണ സഹകരണമുണ്ടാവുമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയും അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് കാബൂളിലേക്ക് ഇന്ത്യയില്‍നിന്നും സര്‍വീസ് നടത്തുന്നത്. കാബൂളില്‍ നിന്ന് ഇനി വിമാന സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.