അഫ്ഗാനിസ്ഥാന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തെ: ജോ ബൈഡന്‍

അഫ്ഗാനിസ്ഥാന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തെ: ജോ ബൈഡന്‍

വാഷിങ്ടണ്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനു പിന്നാലെ യു.എസിനു നേരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്റെ പതനം ഉണ്ടായെന്നും അഫ്ഗാന്‍ സൈന്യം ചെറുത്തുനില്‍പ്പ് ലവലേശം പോലും നടത്തിയില്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച നടപടിയെ ജോ ബൈഡന്‍ ശക്തമായി ന്യായീകരിച്ചു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം അമേരിക്കന്‍ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അഫ്ഗാന്‍ നേതാക്കളും സൈന്യവുമാണെന്ന് കുറ്റപ്പെടുത്തിയ ബൈഡന്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രം താലിബാനുമായി സഹകരണമെന്നും വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത ഏറിയേനെ. അമേരിക്കയുടെ അഫ്ഗാന്‍ നയത്തില്‍ കാലങ്ങളായി പാളിപ്പോയ പല ചുവടുകളുമുണ്ടായിട്ടുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയില്‍ ഏറ്റെടുക്കുന്നു. അത് മാറ്റാര്‍ക്കും കൈമാറാനും ആഗ്രഹിക്കുന്നില്ല. മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് നടുവില്‍ നിന്നു പോരാടാന്‍ സ്വന്തം സേനയോട് ഇനിയും പറയാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

നയതന്ത്ര ഓഫീസുകള്‍ അടച്ച് ഉദ്യോഗസ്ഥരെ സുരക്ഷിതമായി കൊണ്ടുവരാന്‍ കഴിഞ്ഞു. അഫ്ഗാന്‍ ജനതയ്ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ തുടരും.

അമേരിക്കന്‍ പൗരന്‍മാരെയും അര്‍ഹരായ അഫ്ഗാനികളെയും പുറത്തെത്തിക്കുന്നത് വരെ യു. എസ് സൈന്യം അഫ്ഗാനില്‍ തുടരും. ഈ നീക്കത്തിന് താലിബാന്‍ എന്തെങ്കിലും തടസം സൃഷ്ടിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കി. 5000ത്തോളം സൈനികരെ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷക്കായി യു.എസ് നിയോഗിച്ചിട്ടുണ്ട്. അര്‍ഹരായ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക വിസ അനുവദിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അഫ്ഗാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്നു തന്നെ പ്രതികരിച്ചു. എന്നാല്‍, അഫ്ഗാന്റെ ഭാവിക്കായി അവിടത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒന്നിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.