ന്യൂഡല്‍ഹി: ഇനി ഞാന്‍ നാട്ടിലേയ്ക്ക് മടങ്ങില്ല. ഇതുമായി ഞാനിനി അവിടെ ചെന്നാല്‍ അവരെന്റെ കൈ വെട്ടിമാറ്റും. വലതുകൈത്തണ്ടയില്‍ പച്ച കുത്തിയ ടാറ്റൂ കാണിച്ച് ബസീര്‍ പറയുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഡല്‍ഹിയില്‍ ഹൗസ് കീപ്പിങ് ജോലിചെയ്ത് ജീവിക്കുന്ന ഈ ചെറുപ്പക്കാരന് ഇനി അഫ്ഗാനിസ്താനിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ല. പഴയ ജന്മനാടല്ല അത്. താലിബാന്‍ അധികാരം പിടിച്ച നാട്ടില്‍ ഒരു ടാറ്റൂ പോലും അനുവദനീയമല്ല. താടിയും മുടിയും നീട്ടിവളര്‍ത്തണം. സ്ത്രീകള്‍ ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങാന്‍ പാടില്ല. വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്ത, എന്തുധരിക്കണമെന്നും എങ്ങനെ നടക്കണമെന്നുമൊക്കെ ഭരണകൂടം തീരുമാനിക്കുന്ന നാട്ടിലേക്ക് എങ്ങനെ മടങ്ങിപ്പോവുമെന്ന് ചോദിക്കുകയാണ് കാണ്ഡഹാറിനു സമീപമുള്ള ഹില്‍മന്ദ് സ്വദേശിയായ ബസീര്‍.
ഇത്തരത്തില്‍ പതിനായിരത്തിലേറെ പേരാണ് ജന്മദേശത്തേക്ക് ഇനിയൊരു മടക്കം ആഗ്രഹിക്കാതെ, മുറിവേറ്റ മനസ്സുമായി തെക്കന്‍ ഡല്‍ഹി ലാജ്പത്നഗറില്‍ ജീവിക്കുന്നത്. റെസ്റ്റോറന്റും തെരുവുകച്ചവടവുമൊക്കെയായി പലവിധ ജോലികളില്‍ ഉപജീവനം നടത്തുന്നവര്‍. പഠിക്കാനും ചികിത്സ തേടിയുമൊക്കെ ഇന്ത്യയിലെത്തിയവര്‍.
അഫ്ഗാനില്‍ നടക്കുന്നതിനെക്കുറിച്ചുചോദിച്ചപ്പോള്‍ റോഡിലും മൈതാനത്തും വിളക്കുമരങ്ങളിലുമൊക്കെ താലിബാന്‍ തൂക്കിക്കൊന്നവരുടെ മൊബൈല്‍ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു മറ്റൊരു യുവാവിന്റെ മറുപടി. ''അവര്‍ക്ക് പറ്റാത്തവരെ മുഴുവന്‍ അവര്‍ കൊല്ലും. ആരും ചോദിക്കാനില്ല'' -അയാള്‍ പറഞ്ഞു. അഫ്ഗാനില്‍ ഫോണൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ വീട്ടുകാരെ വിളിച്ചിട്ട് രണ്ടുമാസമായെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ നജീബ് നൊമ്പരപ്പെട്ടു.
എട്ടു വര്‍ഷം മുമ്പ് ബെംഗളൂരുവില്‍ കംപ്യൂട്ടര്‍ ബിരുദം പഠിക്കാനെത്തി ഇപ്പോള്‍ ഡല്‍ഹിയില്‍ ജോലിയെടുക്കുന്ന കാബൂള്‍ സ്വദേശി മുസ്തഫ നിസാമി താലിബാനെതിരേ പൊട്ടിത്തെറിച്ചു. ''ഞങ്ങളും മുസ്ലിങ്ങളാണ്. പക്ഷേ, അവര്‍ വീടുകളില്‍നിന്ന് സ്ത്രീകളെ വലിച്ചിറക്കി നഗ്‌നരാക്കി അഭിസാരികകളെപ്പോലെ നിര്‍ത്തുന്നു. മൃഗങ്ങളെപ്പോലെ മനുഷ്യരുടെ തലയറക്കുന്നു. താടി നീട്ടിവളര്‍ത്തിയില്ലെങ്കില്‍, ബുര്‍ഖ ധരിച്ചില്ലെങ്കില്‍, പ്രാര്‍ഥിച്ചില്ലെങ്കിലൊക്കെ അവര്‍ ഞങ്ങളെ കൊല്ലും. ഇതൊന്നും ഇസ്ളാമികമല്ല. ആളെ കൊല്ലുന്നതല്ല ഇസ്ലാം. ഞങ്ങളുടെ നാടാണ് അഫ്ഗാനിസ്താന്‍. തെറ്റായ രീതിയില്‍ അധികാരം പിടിച്ചിരിക്കുകയാണ് താലിബാന്‍'' -നിസാമി രോഷത്തോടെ പറഞ്ഞു. കാബൂള്‍ ഗവര്‍ണറുടെ സീനിയര്‍ ഉപദേഷ്ടാവായിരുന്നു നിസാമിയുടെ പിതാവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.