തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ മുന്നൊരുക്കമായി 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 60 ശതമാനവും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
490 ഓക്സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു കിടക്കകൾ, 96 ഐ.സി.യു കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂം സന്ദർശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധിക്കുന്നതിന് വലിയ പ്രവർത്തനങ്ങളാണ് കോവിഡ് കൺട്രോൾ റൂം ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളിൽ ഐസിയു, ഓക്സിജൻ കിടക്കകൾ വർധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിരുന്നു. അന്ന് മുതൽ ഇന്നുവരെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് കൺട്രോൾ റൂം ചെയ്യുന്നത്. ഇതേ മാതൃകയിൽ 14 ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിന് ആത്മാർത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.