അനായാസ ജയം സ്വാന്തമാക്കി ബാംഗ്ലൂർ

അനായാസ ജയം സ്വാന്തമാക്കി ബാംഗ്ലൂർ

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 85 റണ്‍സ് വിജയലക്ഷ്യം 13.3 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേയാണ് ബാംഗ്ലൂര്‍ മറികടന്നത്. ദേവദത്ത് പടിക്കല്‍ (25), ആരോണ്‍ ഫിഞ്ച് (16) എന്നിവര്‍ പുറത്തായെങ്കിലും 21 റണ്‍സുമായി ഗുര്‍ക്രീത് സിംഗും, 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് ജയം അനായാസമാക്കി. 4 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് സിറാജാണ് ബംഗളൂരുവിന് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജാണ് കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ചത്. രാഹുല്‍ ത്രിപാഠി (1), നിതീഷ് റാണ (0), ടോം ബാന്റണ്‍ (10) എന്നിവരാണ് സിറാജിന്റെ ഇരകള്‍. പവര്‍പ്ലേയില്‍ രണ്ടോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിറാജ് അത്ഭുതമായി മാറി.

കൊല്‍ക്കത്തയ്ക്ക് ഒന്ന് പൊരുതാനുള്ള സാവകാശം പോലും ബാംഗ്ലൂര്‍ ബൗളര്‍മാര്‍ നല്‍കിയില്ല. 34 പന്തില്‍ 30 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവും കുറച്ച്‌ റണ്‍സ് നേടിയ ടീം എന്ന നാണംകെട്ട റെക്കോഡും കൊല്‍ക്കത്തയ്ക്ക് ലഭിച്ചു.

17 റണ്‍സ് മാത്രമാണ് പവര്‍ പ്ളേയില്‍ കൊല്‍ക്കത്തയ്ക്ക് നേടാന്‍ സാധിച്ചത്. സിറാജിന് പുറമെ യുസ്വേന്ദ്ര ചഹാല്‍ 2 വിക്കറ്റും, നവദീപ് സെയ്‌നി 1 വിക്കറ്റും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.