കായിക പരിശീലകന്‍ പത്മശ്രീ ഒ.എം നമ്പ്യാര്‍ അന്തരിച്ചു

കായിക പരിശീലകന്‍ പത്മശ്രീ ഒ.എം നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന്‍ പത്മശ്രീ ഒ.എം നമ്പ്യാര്‍ അന്തരിച്ചു. 90 വയസായിരുന്നു. പി.ടി ഉഷയുടെ ഉള്‍പ്പെടെ പരിശീലകനായിരുന്നു. വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്ത്യം. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ഈ വര്‍ഷം പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരുന്നു.1935 ല്‍ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളജ് ജീവിതത്തിലും കായിക താരമായിരുന്ന നമ്പ്യാരെ തന്റെ പ്രിന്‍സിപ്പലിന്റെ ഉപദേശം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു.

എയര്‍ഫോഴ്സിലേക്ക് 1955 ല്‍ തെരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായിക താരമായിരുന്നു. സര്‍വീസസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്തര്‍ ദേശീയ മത്സരങ്ങളിള്‍ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.


പിന്നീട് പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളത്തില്‍ വന്ന് കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കോച്ചായി ചേര്‍ന്നു. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോര്‍ട്സ് സ്‌കൂളില്‍ അധ്യാപകനായി.

1970ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.

മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങിയവരുടെയും കായിക പരിശീലകനായിരുന്നു. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള്‍ പരിശീലനം നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.