തിരുവനന്തപുരം: ഓണത്തിന് മുന്‍പ് സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാതി വഴിയിൽ. നാളെ ഓണമായിട്ടും ഇനിയും 30 ലക്ഷത്തിലേറെ കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്.
90.67 ലക്ഷം കാര്‍ഡ് ഉടമകളാണ് ആകെയുള്ളത്. ഇതില്‍ ഇന്നലെ വരെ 60.60 ലക്ഷം പേര്‍ക്കാണു കിറ്റ് ലഭിച്ചത്. കിറ്റ് സ്റ്റോക്കുണ്ടെന്നാണ് ഇപോസ് മെഷീന്‍ സംവിധാനത്തിലെ കണക്ക് കാണിക്കുന്നത്. എന്നാല്‍ കടകളില്‍ എത്തിച്ചിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു.
കിറ്റിലെ വിഭവങ്ങളായ ഏലക്കായ, നെയ്യ്, ചെറുപയര്‍, മറ്റ് പായസ ഉല്പന്നങ്ങള് എന്നിവ ആവശ്യത്തിന്ന് സ്റ്റോക്കില്ലാത്തത് കൊണ്ട് കിറ്റുവിതരണം ദിവസങ്ങളോളം മെല്ലപ്പോക്കിലായിരുന്നു. കിറ്റ് കിട്ടാതെ കാര്‍ഡ് ഉടമകള്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. കിറ്റിനെ ചൊല്ലി പലയിടത്തും വാക്കുതര്‍ക്കമുണ്ടായി.
ഓണത്തിനു മുന്‍പു കിറ്റ് വിതരണം പൂര്‍ത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. റേഷന്‍ കടകള്‍ക്ക് ഉത്രാടമായ ഇന്നും പ്രവൃത്തിദിനമാണ്. എന്നാൽ നാളെ മുതൽ മൂന്ന് ദിവസം കട അവധിയാണ്. അവധിക്കു ശേഷം ചൊവ്വാഴ്ചയാണു പിന്നെ തുറക്കുക. ഓണം കഴിഞ്ഞും കിറ്റ് വിതരണം തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.