മറുപടി ഇനി മുതല്‍ ഇംഗ്ലീഷില്‍ മതി;ഹിന്ദി അടിച്ചേല്‍പ്പിക്കേണ്ട: കേന്ദ്രത്തിന് താക്കീതുമായി മദ്രാസ് ഹൈക്കോടതി

മറുപടി ഇനി മുതല്‍ ഇംഗ്ലീഷില്‍ മതി;ഹിന്ദി അടിച്ചേല്‍പ്പിക്കേണ്ട: കേന്ദ്രത്തിന്  താക്കീതുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജ്യത്ത് ഹിന്ദിക്ക് പ്രചാരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് മദ്രാസ് ഹൈക്കോടതിയുടെ കർശന താക്കീത്. ഭാഷയുടെ പേരിൽ കേന്ദ്രസർക്കാർ ഏറ്റവും കൂടുതല്‍ ചെറുത്തുനില്‍പ്പ് നേരിടുന്നത് തമിഴ് നാട്ടില്‍ നിന്നുമാണ്.

ഈ സാഹചര്യത്തിൽ 1963ലെ ഔദ്യോഗിക ഭാഷാ നിയമം കര്‍ശനമായി പിന്തുടരണം എന്ന് കേന്ദ്ര സ‌ര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മധുരയില്‍ നിന്നുള്ള ലോക്‌സഭാ എം.പി എസ് വെങ്കിടേഷ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് എന്‍ കിരുബാക്കരന്‍, എം ദുരൈസ്വാമി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെതാണ് വിധി.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 780 നിയമനങ്ങള്‍ നികത്തുന്നതിനു വേണ്ടി നടത്തിയ എഴുത്തുപരീക്ഷയില്‍ പോണ്ടിച്ചേരിയില്‍ ഒരു പരീക്ഷാ കേന്ദ്രം പോലും അനുവദിച്ചിരുന്നില്ല. ഇത് സൂചിപ്പിച്ച്‌ എം.പി വെങ്കിടേഷ് അയച്ച കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വന്നത് ഹിന്ദിയിലാണ്. മറുപടി ഹിന്ദിയിലായിരുന്നതിനാല്‍ തനിക്ക് മറുപടി കത്തിലെ ഉള്ളടക്കം എന്തെന്ന് വായിച്ച്‌ മനസിലാക്കുവാന്‍ സാധിച്ചില്ലെന്ന് വെങ്കിടേഷ് കോടതിയെ അറിയിച്ചു.

ആവശ്യം ഉന്നയിച്ച കത്തിലെ അതേ ഭാഷയില്‍ തന്നെ മറുപടിയും അയയ്ക്കണമെന്നത് ഒരു സാമാന്യ മര്യാദയാണെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിച്ച കോടതി 1963ലെ നിയമം അനുസരിച്ച്‌ കേന്ദ്രം ഇനി മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള കത്തുകളില്‍ ഇംഗ്ലീഷില്‍ അയയ്ക്കണമെന്ന് നിര്‍ദേശിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് കേന്ദ്രം മനസിലാക്കണമെന്ന് കോടതി നിരീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.