ക്രൂഡോയില്‍ വില താഴ്‌ന്നെങ്കിലും കുറയാതെ പെട്രോള്‍ വില

ക്രൂഡോയില്‍ വില താഴ്‌ന്നെങ്കിലും കുറയാതെ പെട്രോള്‍ വില

കൊച്ചി: ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ക്രൂഡോയില്‍ വില താഴുന്നു. രാജ്യാന്തര ക്രൂഡോയില്‍ വില (ഡബ്‌ള്യു.ടി.ഐ) ഇന്നലെ ബാരലിന് 2.20 ഡോളര്‍ താഴ്ന്ന് 63.06 ഡോളറായി. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ബ്രെന്റ് ക്രൂഡ് വില 2.08 ഡോളര്‍ കുറഞ്ഞ് 66.15 ഡോളറായി.

ജൂലൈ 30ന് ഡബ്‌ള്യു.ടി.ഐയ്ക്ക് വില 73.95 ഡോളറും ബ്രെന്റിന് 75.41 ഡോളറുമായിരുന്നു. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാക്ക്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വന്‍തോതില്‍ വാങ്ങുന്നത്. ഇന്ത്യയുടെ വാങ്ങല്‍ച്ചെലവ് ജൂലൈ 30ലെ 74.64 ഡോളറില്‍ നിന്ന് ബാരലിന് 68.92 ഡോളറായി കുറഞ്ഞിട്ടുണ്ട്.

ഒട്ടേറെ രാജ്യങ്ങളില്‍ വീണ്ടും കൂടുന്ന കൊവിഡ് കേസുകള്‍ ഡിമാന്‍ഡിനെ ബാധിക്കുമെന്ന ഭീതിയാണ് ക്രൂഡ് വിലയുടെ നിലവിലെ ഇടിവിന് മുഖ്യകാരണം. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഒട്ടേറെ രാജ്യങ്ങളുടെ സമ്പദ്സ്ഥിതിയെ ബാധിച്ചേക്കാമെന്നും ഇത് ഡോളറിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു. ഇതും ക്രൂഡോയില്‍ വിലയിറക്കത്തിന് കാരണമാണ്.
സംഭരണി തുറന്ന് ഇന്ത്യ

കൂഡോയില്‍ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ ഇന്ത്യ പൊതു വിപണിയിലിറക്കി. കരുതല്‍ ശേഖരമായി ഇന്ത്യയ്ക്ക് അഞ്ചു മില്യണ്‍ ടണ്‍ (36.5 മില്യണ്‍ ബാരല്‍) ക്രൂഡോയിലുണ്ട്.

മംഗലാപുരം, പദൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സംഭരണികള്‍. ഇവയുടെ ചുമതല ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിനാണ് (ഐ.എസ്.പി.ആര്‍). കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ക്രൂഡ് വില ബാരലിന് 30 ഡോളറില്‍ താഴെയെത്തിയത് മുതലെടുത്താണ് ഇന്ത്യ കരുതല്‍ സംഭരണികള്‍ നിറച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.