ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ഹൈ ടെക്​ പി.പി.ഇ കിറ്റ് നിർമ്മിച്ച് സഹൃദയ വിദ്യാര്‍ഥികൾ

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ഹൈ ടെക്​ പി.പി.ഇ കിറ്റ് നിർമ്മിച്ച് സഹൃദയ വിദ്യാര്‍ഥികൾ

തൃശൂര്‍: കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി സഹൃദയ വിദ്യാര്‍ഥികളുടെ ഹൈ ടെക്​ പി.പി.ഇ കിറ്റ്.
കോവിഡ് പ്രതിരോധരംഗത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് പി.പി.ഇ കിറ്റുകള്‍ ധരിച്ച്‌ മണിക്കൂറുകളോളം ജോലിചെയ്യുക എന്നത്.

അണുബാധയില്‍ നിന്ന് രക്ഷ നേടാനായി ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കുന്ന പി.പി.ഇ. കിറ്റുകളുടെ കാര്യക്ഷമത വളരെ കുറവാണ്. ശുദ്ധ വായുവി​ന്റെ ലഭ്യത കുറയുന്നതും ചൂടനുഭവപ്പെടുന്നതും ആശയവിനിമയത്തില്‍ നേരിടുന്ന പ്രായാസവുമെല്ലാം ആരോഗ്യ പ്രവര്‍ത്തകരെ അലട്ടുന്ന വിഷയങ്ങളാണ്.

ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നതാണ് കൊടകര സഹൃദയ എന്‍ജിനീയറിങ്​ കോളജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക രീതിയിലുള്ള പി.പി.ഇ കിറ്റുകള്‍. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ പ്യൂരിഫെയിങ്​ റെസ്പിറേറ്റര്‍ (പി.എ.പി.ആര്‍.) സംവിധാനത്തോടു കൂടിയതാണിത്​. നിലവിലുള്ള പി.പി.ഇ കിറ്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സഹൃദയ എന്‍ഞ്ചിനീയറിങ്​ കോളേജിലെ ബയോമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുതിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്.

പി.പി.ഇ കിറ്റിനുള്ളിലേക്ക് വരുന്നതും, പുറം തള്ളുന്നതുമായ വായുവിനെ ശുദ്ധീകരിക്കാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ആശയ വിനിമയത്തിനായി മൈക്കും സ്പീക്കറും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഈ കിറ്റിലുണ്ട്.

സക്യൂബാ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന തരം മാസ്‌കുകള്‍ (സ്നോര്‍ക്കലിം മാസ്‌ക്) രൂപമാറ്റം വരുത്തിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് തടസം ഉണ്ടാകാത്തതിനാല്‍ ശസ്ത്രക്രിയാ സമയത്തും ഇത് ധരിക്കാന്‍ സാധിക്കും. കൂടാതെ സാധാരണ പി.പി.ഇ കിറ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ ചൂടും കുറവായിരിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ ഈ പി.പിഇ കിറ്റ് ഉപയോഗിക്കാനാകും.

വിദേശനിര്‍മ്മിതമായ പവേര്‍ഡ് റെസ്പിറേറ്ററുകളെ അപേക്ഷിച്ച്‌ ഇവര്‍ വികസിപ്പിച്ചെടുത്ത ഈ മോഡലിന ചെലവ് കുറയും. പുതിയതായി വികസിപ്പിച്ചെടുത്ത പി.പി.ഇ കിറ്റ് ക്ലിനിക്കല്‍ പരിശോധനക്കും വിലയിരുത്തലുകള്‍ക്കും ശേഷം കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതി.

ബയോമെഡിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ എം.ബി ലിന്‍ഡ എലിസബത്ത്, ഐശ്വര്യ എം. രാജന്‍, ഇ. അനന്തന്‍, ആശിഷ് ആന്റണി ജെയിംസ് എന്നിവര്‍ വകുപ്പ് മേധാവി ഡോ. ഫിന്റോ റാഫേലി​ന്റെ നേതൃത്വത്തിലാണ് ഈ സുരക്ഷാ കവചം നിര്‍മ്മിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.