ഉത്തര ഡല്‍ഹിയിലെ പ്രശസ്തമായ നൈനി തടാകം.
ന്യൂഡല്‍ഹി: ഇന്ത്യയിലെ സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. നിരവധി പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും വൈവിധ്യമായ രുചി ഒരുക്കുന്ന റെസ്റ്ററെന്റുകളും ഡല്‍ഹിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു. ഡല്‍ഹിയിലെ പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തത തേടുന്നവര്‍ക്കായി ചില തടാകങ്ങള്‍ പരിചയപ്പെടാം.
1. നൈനി തടാകം
ഉത്തര ഡല്‍ഹിയിലെ പ്രശസ്തമായ തടാകമാണ് നൈനി. ബോട്ടിങിന് പ്രശസ്തമായ ഈ തടാകം കോവിഡ് വ്യാപന ഭീഷണിയില്‍ അടച്ചിട്ട ശേഷം കഴിഞ്ഞ ദിവസമാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ഡല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഡി.ടി.ടി.ഡി.സി) നേതൃത്വത്തില്‍ ഉത്തര ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് തടാകത്തിന്റെ നടത്തിപ്പു ചുമതല.
അര മണിക്കൂര്‍ ബോട്ടിങിനായി ഇവിടെ 130 രൂപയാണ് ഈടാക്കുന്നത്. ഒരു ടിക്കറ്റെടുത്താല്‍ നാലുപേര്‍ക്ക് ബോട്ടിലേക്ക് പ്രവേശിക്കാം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ഇവിടേക്ക് വിനോദ സഞ്ചാരത്തിനായി പ്രവേശിക്കാം
02. ധംധമാ തടാകം
ആരവല്ലി മലനിരകളുടെ താഴ് വരയിലാണ് സുന്ദരമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹരിയാനയില്‍ ഗൂര്‍ഗാവിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് 42 കിലോമീറ്റര്‍ ദൂരമേയുള്ളു. ഇവിടെയെത്തിയാല്‍ നിരവധി ദേശടനക്കിളികളെ കാണാം.
03. ബട്കല്‍ തടാകം
ബെടാഖാല്‍ തടാകം എന്നായിരുന്നു ബട്കല്‍ തടാകം മുന്‍പ് അറിയപ്പെട്ടിരുന്നത്. ഡല്‍ഹി എന്‍സിആറില്‍ ഉള്‍പ്പെട്ട ഫരിദാബാദില്‍ ആണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ. കനത്ത വേനല്‍ക്കാലത്ത് ഈ തടാകം വറ്റാറുണ്ട്. എന്നാല്‍ മഴക്കാലത്ത് ഈ തടാകത്തിലെ കാഴ്ച സുന്ദരമാണ്.
04. സൂരജ്കുണ്ഡ് തടാകം
ഫരീദാബാദിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം.ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഉദയ സൂര്യന്‍ എന്ന് അര്‍ഥം വരുന്ന സൂരജ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പാറ വെട്ടിയുണ്ടാക്കിയ പടവുകള്‍ക്കുള്ളിലുള്ള സിദ്ധ കുണ്ഡിലെ വെള്ളത്തിന് ഔഷധ ഗുണമുള്ളതായാണ് വിശ്വാസം. മനോഹരമായ പൂന്തോട്ടവും ഇവിടെയുണ്ട്.
എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയാണ് ഇവിടെ പ്രശസ്തമായ സൂരജ്കുണ്ഡ് അന്താരാഷ്ട്ര ഉല്‍സവം നടക്കുന്നത്. ഗ്രാമീണ ശില്‍പ്പികളും കലാകാരന്‍മാരും അണിനിരക്കുന്ന മേള സഞ്ചാരികള്‍ക്ക് ഗ്രാമീണ ഇന്ത്യയെ അനുഭവിച്ചറിയാനുള്ള നല്ല മാര്‍ഗമാണ്.
05. ധൗജ് തടാകം
ഫരീദാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ മനോഹര തടാകം. മരങ്ങള്‍ക്കും ചെടികള്‍ക്കും നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അതി സുന്ദരമാണ്. ഇവിടെ ക്യാമ്പ് ചെയ്യാന്‍ സഞ്ചാരികള്‍ വരാറുണ്ട്.
06. ബിന്ദാവാസ് തടാകം
പ്രകൃതി സ്‌നേഹികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും പറ്റിയ വിനോദ സഞ്ചാരകേന്ദ്രമാണ് ബിന്ദാവാസ് തടാകതീരം. ഹരിയാനയിലെ ഏറ്റവും വലിയ ചതുപ്പുനില പ്രദേശമാണിത്. 12കിലോമീറ്റര്‍ നീളമുള്ള തടാകമാണ് ഇവിടത്തേത്.
വന്യജീവി സങ്കേതം 1985 ല്‍ വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച ഇവിടത്തെ തടാകം മനുഷ്യ നിര്‍മ്മിതമാണെന്നതാണ് മറ്റൊരു അതിശയം. ഹരിയാനയിലേക്ക് ശുദ്ധജലമെത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു കനാലില്‍ നിന്നും യന്ത്രത്തകരാര്‍ മൂലം പാഴായിപ്പോകുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഉണ്ടാക്കിയ സംവിധാനമാണിത്. മഞ്ഞുകാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശാടന പക്ഷികള്‍ക്ക് ഇവിടം ഉത്സവ കാലമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.