പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം നല്‍കി സോണിയ ഗാന്ധി: '2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം; രാജ്യ താല്‍പര്യത്തിന് പ്രാധാന്യം നല്‍കണം'

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം നല്‍കി സോണിയ ഗാന്ധി: '2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം; രാജ്യ താല്‍പര്യത്തിന് പ്രാധാന്യം നല്‍കണം'

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്നും കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് സോണിയയുടെ നിര്‍ദേശം. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഎം, സിപിഐ ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.

പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ട്ടി താല്‍പര്യത്തിന് അതീതമായി രാജ്യ താല്‍പര്യത്തിന് പ്രാധാന്യം നല്‍കണം. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടെ സോണിയാ ഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണിത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയത്ത് സര്‍ക്കാരിനെതിരെ മുമ്പൊന്നുമില്ലാത്ത രീതിയില്‍ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിര്‍ദ്ദേശം. മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിന്‍, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി 19 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.