സൈഡസ് കാഡിലയുടെ സൈക്കൊവ്-ഡി വാക്സിന്‍ തയ്യാര്‍; ഒക്ടോബറോടെ മാസത്തില്‍ ഒരു കോടി ഡോസ് നിര്‍മ്മിക്കുമെന്ന് കമ്പനി

സൈഡസ് കാഡിലയുടെ സൈക്കൊവ്-ഡി വാക്സിന്‍ തയ്യാര്‍; ഒക്ടോബറോടെ മാസത്തില്‍ ഒരു കോടി ഡോസ് നിര്‍മ്മിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: പ്രാദേശികമായി നിര്‍മ്മിച്ച് അടിയന്തര ഉപയോഗത്തിന് അംഗീകാരം നേടിയ രാജ്യത്തെ രണ്ടാമത് കോവിഡ് വാക്സിനായ സൈഡസ് കാഡിലയുടെ സൈക്കൊവ്-ഡി ഒക്ടോബര്‍ മാസത്തോടെ പ്രതിമാസം ഒരുകോടി ഡോസ് നിര്‍മ്മിക്കുമെന്ന് കമ്പനി. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിമാസം അഞ്ച് കോടി ഡോസ് വാക്സിന്‍ നിര്‍മ്മിക്കാന്‍ ഈ മാസം സാധിച്ചേക്കില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. ഡിസംബര്‍-ജനുവരിയോടെ മൂന്ന് മുതല്‍ അഞ്ച് കോടി ഡോസ് വരെ വാക്സിന്‍ നിര്‍മ്മിക്കും.

നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിനും മറ്റുമായി വിവിധ കമ്പനികളുമായി ചര്‍ച്ചയ്ക്ക് സൈഡസ് കാഡില തയ്യാറായിക്കഴിഞ്ഞു. ഇതിനുശേഷമാകും വാക്സിന്‍ വില സംബന്ധിച്ച് തീരുമാനമാകുക. 12 വയസിന് മുകളിലുളള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈഡസ് കാഡില വാക്സിന്‍ ബയോ ടെക്നോളജി ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നാണ് വികസിപ്പിച്ചത്. മൂന്ന് ഡോസ് കോവിഡ് വാക്സിനാണിത്.

സിറിഞ്ചിന് പകരം മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്സിന്‍ കുത്തിവയ്ക്കുന്നതെന്നും കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ വളരെ ഫലപ്രദമാണെന്നും കമ്പനി അറിയിച്ചിരുന്നു. 66.6 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി നിരക്ക്. ലോകത്തിലെ തന്നെ ആദ്യ ഡിഎന്‍എ കോവിഡ് വാക്സിനാണ് സൈക്കോവ്-ഡി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.