കാസര്‍കോട്: അഞ്ചാം നിലയിലെ മുറിയില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ സാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന. ആറാംനിലയില്‍ നിന്ന് കയര്‍ വഴി തൂങ്ങിയിറങ്ങിയാണ് അഗ്‌നിരക്ഷാസേന കുഞ്ഞിനെ രക്ഷിച്ചത്. വിദ്യാനഗറിലെ പത്തുനില ഫ്‌ളാറ്റിലാണ് സംഭവം.
സഹോദരിയുടെ ഫ്‌ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും. ഞായറാഴ്ച ഫ്‌ളാറ്റിലെ ഓണാഘോഷത്തിന് വീട്ടുകാര്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടിന് മുറിയില്‍ കയറിയ കുഞ്ഞ് ഉള്ളില്‍ നിന്ന് താഴ് അമര്‍ത്തുകയായിരുന്നു. ഇരട്ടത്താഴ് വീണ വാതില്‍ പുറത്തു നിന്ന് തുറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേക്കുള്ള പ്രധാന വാതിലാണ് അടഞ്ഞത്. ബാല്‍ക്കണിയിലുള്ള മറ്റൊരു വാതിലിലേക്ക് എത്താന്‍ മറ്റ് മാര്‍ഗവുമുണ്ടായിരുന്നില്ല.
തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാല്‍ക്കണിയിലൂടെ ഫയര്‍മാനായ എം. ഉമ്മര്‍ കയറിട്ട് തൂങ്ങിയിറങ്ങി. ബാല്‍ക്കണിയില്‍ നിന്ന് മുറിയിലേക്കുള്ള വാതില്‍ തുറന്നിരുന്നതിനാല്‍ ഉമ്മറിന് കുട്ടിക്കരികിലേക്ക് പെട്ടെന്ന് എത്താനായി. അപ്പോഴേക്കും കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പി.വി പ്രകാശ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി ജോസ്, പ്രവീണ്‍ കുമാര്‍, വി. ഗോപാലകൃഷ്ണന്‍, ഡി.എല്‍ നിഷാന്ത്, കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.