ടെന്നസിയില്‍ ദുരിതം വിതച്ച് പേമാരിയും വെള്ളപ്പൊക്കവും: 22 മരണം; 50 പേരെ കാണാതായി

ടെന്നസിയില്‍ ദുരിതം വിതച്ച് പേമാരിയും വെള്ളപ്പൊക്കവും: 22 മരണം; 50 പേരെ കാണാതായി

നാഷ്‌വില്‍ : മിഡില്‍ ടെന്നസിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. കാണാതായവരുടെ എണ്ണം 50 ആയി. നാഷ്‌വിലില്‍ നിന്ന് 40 മൈല്‍ പടിഞ്ഞാറ് ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.പേമാരി തുടങ്ങിയ ശനിയാഴ്ച പകല്‍ മാത്രം 10 മരണങ്ങളുണ്ടായി.കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ജീവഹാനി സംഭവിച്ചതായി ഹംഫ്രീസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് ഡബ്ല്യുഎസ്എംവി-ടിവിയോട് പറഞ്ഞു.

'ആളുകള്‍ വീടുകളില്‍ ഏറെ നേരം കുടുങ്ങിക്കിടന്നു. പുറത്തേക്ക് പോകാന്‍ മാര്‍ഗമില്ലാതായി. വെള്ളം അവരുടെ കഴുത്തു വരെയെത്തി. ഇത് ദുരന്തമാണ്, ഏറ്റവും മോശം അവസ്ഥ തന്നെ,' നാഷ്‌വിലിലെ നാഷണല്‍ വെതര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ക്രിസി ഹര്‍ലി പറഞ്ഞു.ടെന്നസി നാഷണല്‍ ഗാര്‍ഡ് സൈനികരെയും വ്യോമസേനയെയും പ്രദേശത്തേക്ക് വിന്യസിച്ചു. സംസ്ഥാനത്തെ മൂന്ന് ഹെലികോപ്റ്റര്‍ അക്വാറ്റിക് റെസ്‌ക്യൂ ടീമുകളും ദ്രുത ജല രക്ഷാ സംഘങ്ങളും സഹായത്തിനെത്തി.

ഡിക്സണ്‍, ഹ്യൂസ്റ്റണ്‍, ഹംഫ്രീസ്, ഹൈക്ക്മാന്‍ കൗണ്ടികള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 15 മുതല്‍ 17 ഇഞ്ച് വരെ മഴ രേഖപ്പെടുത്തി.വര്‍ഷം മുഴുവനുമായി കിട്ടാറുള്ള സാധാരണ മഴയുടെ 25 ശതമാനത്തോളമാണിത്.


വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ വീടുകളുടെ മേല്‍ക്കൂരകളിലേക്കു കയറി. വേവര്‍ലിയില്‍, ഒരു പാലത്തിനു കീഴിലൂടെ ഒലിച്ചുപോയ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കാര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഏതാനും വീടുകളും ഗ്രാമീണ റോഡുകളും ഒലിച്ചുപോയി. ടെന്നസി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സജീവമാക്കി. കാലാവസ്ഥ പിന്നീട് മെച്ചപ്പെട്ടത് രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ വിപുലീകരിക്കാന്‍ സഹായകമായെന്ന് അധികൃതര്‍ വ്യക്തമാക്കി.

പല റോഡുകളും അടഞ്ഞു കിടന്നു. പതിനായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ലാതായിരുന്നു. 89 പേര്‍ ശനിയാഴ്ച രാത്രി അഭയകേന്ദ്രത്തിലാണ് താമസിച്ചത്. വെള്ളപ്പൊക്കം കുറഞ്ഞതിനുശേഷം പ്രസിദ്ധീകരിച്ച ഫോട്ടോകളിലൂടെ വ്യക്തമായത് വ്യാപക നാശനഷ്ടങ്ങളാണ്.'ടെന്നസി സമൂഹത്തിനു മുന്നിലുള്ളത്് നഷ്ടത്തിന്റെയും ഹൃദയവേദനയുടെയും വിനാശകരമായ ചിത്രമാണ്' - ഗവര്‍ണര്‍ ബില്‍ ലീ പത്രസമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.