തിരുവനന്തപുരം:'കാശി തുമ്പ' ഒന്നല്ല പലതാണെന്ന് ഒരു പറ്റം സസ്യശാസ്ത്ര ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിദ്യാര്‍ത്ഥിനി എസ് ആര്യ ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്.
പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ , ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാന്‍ എന്നിവരുടെ പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ, ഇന്‍പേഷ്യന്‍സ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശി തുമ്പകള്‍ക്ക് നല്‍കിയ പേരുകള്‍.
മൂന്നാറിലും മതികെട്ടാന്‍ ചോലയിലും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി രാഷ്ട്രീയ തീരുമാനമെടുക്കുക വഴി സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ കാരണം. വെള്ളയില്‍ നേരിയ മഞ്ഞ കലര്‍ന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളുമടങ്ങിയ തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി എന്ന പേര് നല്‍കിയത്.
നിപയും കോവിഡും വന്നപ്പോള്‍ പതറാതെ ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യമേഖലയ്ക്ക് കരുത്ത് പകര്‍ന്ന രോഗ്യവ്യാപനം തടയുന്നതില്‍ ആരോഗ്യമന്ത്രിയായിരിക്കെ കൈക്കൊണ്ട തീരുമാനങ്ങളെ തുടര്‍ന്നാണ് കെ കെ ശൈലജയുടെ പേര് നല്‍കിയത്. പിങ്ക് നിറത്തില്‍ വലിയ പൂക്കളുള്ള നീണ്ട തേന്‍വാഹിയുള്ള തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് ശൈലജേ എന്ന് പേര് നല്‍കിയത്.
സസ്യവര്‍ഗീകരണ രംഗത്ത് ഡോ.മാത്യു ഡാന്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന പേര് നല്‍കിയത്. തൂവെള്ളയില്‍ ചെറിയ പിങ്ക് പൊട്ടുകളുള്ള പൂക്കളും ആനക്കൊമ്പിനെ ഓര്‍മ്മിപ്പിക്കു വളഞ്ഞ തേന്‍വാഹിനിയുള്ള തുമ്പ ചെടിക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന് പേര് നല്‍കി. പുതുതായി കണ്ടെത്തുന്ന സസ്യങ്ങള്‍ക്ക് പേര് നല്‍കുന്നത് അന്താരാഷ്ട്രാ മാനദണ്ഡങ്ങളനുസരിച്ചാണെന്ന് യൂണിവേഴ്‌സിറ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.