ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഹാജരാകാന്‍ നോട്ടീസ്: കേന്ദ്ര മന്ത്രി റാണയെ വിടാതെ മഹാരാഷ്ട്ര പൊലീസ്

ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഹാജരാകാന്‍ നോട്ടീസ്: കേന്ദ്ര മന്ത്രി റാണയെ വിടാതെ മഹാരാഷ്ട്ര പൊലീസ്

മുംബൈ: കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ വിടാതെ മഹാരാഷ്ട്ര പൊലീസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കുമെന്ന് പ്രസംഗിച്ചതിന് അറസ്റ്റിലായ റാണക്ക് ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഹാജരാകാന്‍ ആവശ്യപ്പെട്ട് നാസിക് പൊലീസ് നോട്ടീസ് അയച്ചു. സെപ്റ്റംബര്‍ രണ്ടിന് ഹാജരാകനാണ് നിര്‍ദേശം.

ഉദ്ധവിനെതിരായ പ്രസ്താവനക്ക് പിന്നാലെ നാല് എഫ്ഐആറുകളാണ് റാണക്കെതിരേ നാസിക് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു എഫ്ഐആറില്‍ അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് മുമ്പായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ നാടകീയമായിട്ടാണ് കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്തത്. രാത്രി 9.45 ഓടെ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. ശരിയായ അറിയിപ്പില്ലാതെ രാഷ്ട്രീയ പ്രേരിതമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റായ്ഗഢ് കോടതിയില്‍ റാണ വാദിച്ചു. താനൊരു കേന്ദ്ര മന്ത്രിയാണെന്നും ആരോഗ്യ സ്ഥിതിയും പരിഗണിക്കണമെന്ന് റാണ കോടതിയില്‍ വ്യക്തമാക്കി. 15,000 രൂപയുടെ ബോണ്ടിലും ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ 13നും പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ന്യായമാണെന്നും സമാനമായ കുറ്റം ചെയ്യരുതെന്നും റായ്ഗഢ് കോടതി ജഡ്ജി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നു' എന്നായിരുന്നു റാണയുടെ പരാമര്‍ശം. ഇതില്‍ ശിവസേനാ പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. റാണെയുടെ ജന്‍ആശീര്‍വാദ് യാത്ര ചിപ്ലുണിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ജന്‍ആശീര്‍വാദ് യാത്ര തിങ്കളാഴ്ച റായ്ഗഢിലെത്തിയപ്പോഴായിരുന്നു റാണെയുടെ പരാമര്‍ശം.

രാജ്യസഭാ ചെയര്‍മാനെ അറിയിച്ച് നടപടിക്രമം പൂര്‍ത്തിയാക്കിയായിരുന്നു അറസ്റ്റ്. 20 വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ അറസ്റ്റിലാകുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് നാരായണ്‍ റാണ. കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചപ്പോഴാണ് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രികൂടിയായ റാണെ ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായത്. ശിവസേന വിട്ട് 2005-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2017-ല്‍ മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. ഇത് പിന്നീട് ബി.ജെ.പി.യില്‍ ലയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.