ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലും കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാനുളള അവസാന പട്ടികയ്ക്ക് അന്തിമ രൂപമായില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ അഞ്ച് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്.
ആദ്യം തയ്യാറാക്കി ഹൈക്കമാന്റിന് സമര്‍പ്പിച്ച പട്ടികയെ കുറിച്ച് വ്യാപകമായി പരാതിയുണ്ടായതോടെ കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ആലോചിച്ച് പുതിയ പട്ടിക തയ്യാറാക്കി ഡല്‍ഹിയില്‍ എത്തി. ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി സുധാകരന്‍ ചര്‍ച്ച നടത്തി. വൈകാതെ കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കാണും.
ഈ ചര്‍ച്ചകളില്‍ ഉണ്ടാകുന്ന പുതുക്കിയ ചുരുക്ക പട്ടിക രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കാണിക്കും. പരാതികള്‍ പരിഹരിക്കുന്നതിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും മുന്‍പ് ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കണ്ട് താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തും.
പ്രായാധിക്യത്തെക്കാള്‍ പ്രവര്‍ത്തന മികവ് ചൂണ്ടിക്കാട്ടിയുളള പട്ടികയാണ് തന്റേതെന്ന് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്റെ ശ്രമം. വിവിധ ജില്ലകളില്‍ അധ്യക്ഷസ്ഥാനത്തിനായി നോമിനികളുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ട്. തിരുവനന്തപുരത്ത് ജി.എസ് ബാബുവിനായി ശശി തരൂര്‍ നീക്കം നടത്തുന്നുണ്ട്. ജില്ലയില്‍ നിന്ന് മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന്‍, മണക്കാട് സുരേഷ് എന്നിവരുടെ പേരുമുണ്ട്.
കൊല്ലത്ത് എം.എ നസീറാണ് ഐ ഗ്രൂപ്പ് നോമിനി. രാജേന്ദ്ര പ്രസാദിന് വേണ്ടി ഉമ്മന്‍ചാണ്ടിയും കൊടിക്കുന്നില്‍ സുരേഷും രംഗത്തുണ്ട്. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന്റെ നോമിനിയായി കെ.പി ശ്രീകുമാര്‍, ചെന്നിത്തലയുടെ നോമിനിയായി ബാബു പ്രസാദ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധമുണ്ടായെങ്കിലും എ ഗ്രൂപ്പ് പ്രതിനിധി
തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയെന്ന് ഉറപ്പാണ്.
പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥിനായി കെ. സുധാകരനും വി.ടി ബല്‍റാമിനായി വി.ഡി സതീശനും എ.തങ്കപ്പനായി കെ.സി വേണുഗോപാലും കരുക്കള്‍ നീക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.