വീണ്ടും ക്രൂരത: കരമനയില്‍ വഴിയോരക്കച്ചവടം നടത്തുന്ന സ്ത്രീയുടെ മീന്‍ വലിച്ചെറിഞ്ഞു; പ്രതിസ്ഥാനത്ത് പൊലീസ്

വീണ്ടും ക്രൂരത: കരമനയില്‍ വഴിയോരക്കച്ചവടം നടത്തുന്ന സ്ത്രീയുടെ മീന്‍ വലിച്ചെറിഞ്ഞു; പ്രതിസ്ഥാനത്ത് പൊലീസ്

തിരുവനന്തപുരം: വഴിയോരത്ത് മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന സ്ത്രീയ്ക്കു നേരെ വീണ്ടും അധികൃതരുടെ ക്രൂരത. കരമനയില്‍ വഴിയോരക്കച്ചവടം നടത്തുന്ന വലിയതുറ സ്വദേശി മരിയ പുഷ്പം എന്ന സ്ത്രീയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായാണ് പരാതി. കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി മരിയ പുഷ്പം പറഞ്ഞു.

ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞു പറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മീന്‍ തട്ടിയെറിഞ്ഞെന്ന് മരിയ പുഷ്പം ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞത്. നഷ്ടമായ മീനിന്റെ പണം പിരിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ്റിങ്ങലില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തതിന് നഗരസഭാ ജീവനക്കാര്‍ അല്‍ഫോന്‍സ എന്ന സ്ത്രീയുടെ മീന്‍കുട്ട എടുത്തെറിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.