ദുബായ്: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി മലയാളി ബിസിനസ് നെറ്റ്‌വര്‍ക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'ഇന്ത്യ@75' എന്ന പേരില്‍ ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് ആഘോഷ പരിപാടികള്‍. പി.വി അബ്ദുല്‍ വഹാബ് എംപി, ഷഫീന യൂസഫലി, ആമിനാ മുഹമ്മദലി ഗള്‍ഫാര്‍, ആശാ ശരത് തുടങ്ങിയവര്‍ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. വാണിജ്യ രംഗത്ത് വിജയ മാതൃകകള്‍ സൃഷ്ടിച്ച സംരംഭകരുടെ ജീവിതാനുഭവങ്ങളും സംരംഭകത്വത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷന്‍, ദുബായിലെ പുതിയ ബിസിനസ് അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന വിദഗ്ധരുടെ അവതരണം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രത്യേക സെഷന്‍, ഗാനസന്ധ്യ തുടങ്ങിയവയാണ് പരിപാടികള്‍.
75-ാമത് സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഇന്ത്യക്ക് പ്രവാസി ബിസിനസ് സമൂഹത്തിന്റെ സ്‌നേഹാശംസകള്‍ നേരാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐപിഎ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ് അറിയിച്ചു. എമിറേറ്റ്‌സ് ഫസ്റ്റ് ആണ് ചടങ്ങിന്റെ മുഖ്യ പ്രായോജകര്‍. കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടി ഒരുക്കുക.
'രാജ്യം ആദ്യം, എപ്പോഴും ആദ്യം' എന്ന ഇത്തവണത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവാസി ബിസിനസ് സമൂഹം രാജ്യത്തിന് നല്‍കുന്ന നിസ്തുല സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന ചടങ്ങാണിതെന്ന് ഐപിഎ സ്ഥാപകന്‍ എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പറഞ്ഞു
കോവിഡ് മൂലം ബിസിനസും തൊഴിലും നഷ്ടപ്പെടുകയും പ്രയാസത്തിലാവുകയും ചെയ്ത അനേകം ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും നിരാശരായവര്‍ക്ക് ആത്മവിശ്വാസം പകരാനും ഐപിഎക്ക് സാധിച്ചുവെന്ന് എ.കെ ഫൈസല്‍ പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ ലോകത്ത് തന്നെ ഇതാദ്യമായി റോബോട്ടിക് ഷോറൂം തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനവും അവതരണവുമുണ്ടാകുമെന്ന് എമിറേറ്റ്‌സ് ഫസ്റ്റ് എംഡി ജമാദ് ഉസ്മാന്‍ പറഞ്ഞു.
മൂപ്പന്‍സ് ഗ്രൂപ് സ്ഥാപകന്‍ സലീം മൂപ്പന്‍സ്, ഐപിഎ വൈസ് ചെയര്‍മാന്‍ തങ്കച്ചന്‍ മണ്ഡപത്തില്‍, ഐപിഎ ഡയറക്ടര്‍ ബോര്‍ഡംഗം മുനീര്‍ അല്‍വഫ, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റഫീഖ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.